അമീറാത്തിലെ മസാർ
മസ്കത്ത്: വഴിയോരക്കച്ചവടം നിയന്ത്രിക്കാൻ മസ്കത്ത് മുനിസിപ്പാലിറ്റി ആരംഭിച്ച ‘മസാർ’ സംരഭം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഗവർണറേറ്റിന്റെ വിവിധ മേഖലകളിലെ വഴിയോരക്കച്ചവടം നിയന്ത്രണ, മേൽനോട്ട വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. ഇത് പൊതുജനാരോഗ്യത്തെ ബാധിക്കുകയും നഗരത്തിന്റെ സാംസ്കാരികവും സൗന്ദര്യാത്മകവുമായ ആകർഷണം കുറക്കുകയും ചെയ്യുന്നുണ്ടെന്നും മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
ഇത് കണക്കിലെടുത്താണ് പൊതു, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് മുനിസിപ്പാലിറ്റി ‘മസാർ’ സംരംഭം ആരംഭിച്ചത്. തെരുവ് കച്ചവടക്കാരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമുള്ള ഒരു മുൻനിര പദ്ധതിയാണിത്. ആരോഗ്യ, ഭക്ഷ്യ സുരക്ഷ അപകടസാധ്യതകൾ, ഗതാഗതക്കുരുക്ക്, വായു മലിനീകരണം എന്നിവയുൾപ്പെടെ അനിയന്ത്രിതമായ തെരുവ് കച്ചവടവുമായി ബന്ധപ്പെട്ട നിരവധി പ്രധാന വെല്ലുവിളികളെ ഈ സംരംഭം അഭിസംബോധന ചെയ്യുന്നു.
വണ്ടികളും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുമുള്ള പ്രത്യേക വെൻഡിങ് ഏരിയകൾ വികസിപ്പിച്ച് നഗര ഇടങ്ങളുടെ ദൃശ്യപരവും സാംസ്കാരികവുമായ ആകർഷണം മെച്ചപ്പെടുത്താനും ഇത് ലക്ഷ്യമിടുന്നു. മസ്കത്തിന്റെ നഗര കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന സന്തുലിതവും സുസ്ഥിരവുമായ വഴിയോര കച്ചവട ആവാസവ്യവസ്ഥ കൈവരിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ് മസാർ.
നിയുക്ത സേവന മേഖലകളിലെ തെരുവ് കച്ചവട പ്രവർത്തനങ്ങൾ നിയന്ത്രിക്കുക, പൊതുജനാരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് ആരോഗ്യ, ഭക്ഷ്യ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുക, തെരുവ് കച്ചവടക്കാർ നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, പ്രവാസി തൊഴിലാളികളിൽനിന്നുള്ള മത്സരം തടയുക, അതുവഴി ഈ മേഖലയിൽ ഒമാനി യുവാക്കളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, ഗവർണറേറ്റിന്റെ സാംസ്കാരിക സ്വത്വം നിലനിർത്തിക്കൊണ്ട് കച്ചവടക്കാർക്കായി പ്രത്യേക സ്ഥലങ്ങളും വണ്ടികളും അനുവദിച്ച് ഈ മേഖലകൾ വികസിപ്പിക്കുകയും മനോഹരമാക്കുകയും ചെയ്യുക, അനിയന്ത്രിതമായ തെരുവ് കച്ചവടങ്ങൾ മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കും വായു മലിനീകരണവും കുറക്കുക, കച്ചവടക്കാർക്കിടയിൽ ആരോഗ്യ അവബോധം വളർത്തുകയും ഭക്ഷ്യ സുരക്ഷ തത്ത്വങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക തുടങ്ങിയവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. മസാർ ഘട്ടം ഘട്ടമായി നടപ്പാക്കുന്നത്. നിരവധി റൂട്ടുകൾ ഇതിനകം പൂർത്തിയായി
വെളിച്ചം, ലാൻഡ്സ്കേപ്പിങ്, വിശ്രമമുറികൾ, വൈദ്യുതി, വെള്ളം, മലിനജല കണക്ഷനുകൾ തുടങ്ങിയ പൂർണ പൊതു സൗകര്യങ്ങളോടെയാണ് പുതിയ വെൻഡിങ് സോണുകൾ വികസിപ്പിക്കുന്നത്. ഇത് വിൽപനക്കാർക്കും സന്ദർശകർക്കും വൃത്തിയുള്ളതും സംഘടിതവുമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.