മസ്കത്ത്: ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒമാനും ഉക്രൈനും തമ്മിൽ ചർച്ച നടത്തി. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും ഉക്രൈൻ പ്രതിനിധി, നാഷണൽ സെക്യൂരിറ്റി ആൻഡ് ഡിഫൻസ് കൗൺസിൽ സെക്രട്ടറി റസ്റ്റം ഉമറോവും തമ്മിലായിരുന്നു മസ്കത്തിൽ കൂടിക്കാഴ്ച നടത്തിയത്.
കൃഷി, ഊർജം, വിവരസാങ്കേതികവിദ്യ തുടങ്ങി ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള മേഖലകളിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിനെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തു. ഇരുരാജ്യങ്ങൾക്കും പരസ്പര ഗുണകരമായ രീതിയിൽ പങ്കാളിത്തം വികസിപ്പിക്കാനും പൊതുതാൽപര്യങ്ങൾ ശക്തിപ്പെടുത്താനും ഇരുപക്ഷവും താൽപര്യം പ്രകടിപ്പിച്ചു. കടൽ മാർഗമുള്ള സുരക്ഷ, ഊർജ സംരക്ഷണം എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
നിലവിലുള്ള അന്താരാഷ്ട്ര സംഘർഷങ്ങൾ കുറക്കുന്നതിനും ചർച്ചകളിലൂടെയും സമാധാനപരമായ മാർഗങ്ങളിലൂടെയും പ്രശ്നപരിഹാരം കാണുന്നതിനും ഇരുരാജ്യങ്ങളും പിന്തുണ അറിയിച്ചു. ഒമാന്റെ നോൺ-റെസിഡന്റ് അംബാസഡർ മൈത അൽ മഹ്‌റൂഖി കഴിഞ്ഞ മാസം കിയവിൽ വെച്ച് ഉക്രൈൻ വിദേശകാര്യ ഉപമന്ത്രിക്ക് തന്റെ ഔദ്യോഗിക രേഖകൾ കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഉക്രൈൻ പ്രതിനിധിയുടെ ഒമാൻ സന്ദർശനം. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തുന്നത്. മസ്കത്തിൽ നടന്ന യോഗത്തിൽ വിദേശകാര്യ മന്ത്രാലയത്തിലെ യൂറോപ്പ് വിഭാഗം മേധാവി മുൻദിർ മഹ്ഫൂദ് അൽ മൻദരി, ഒമാനിലെ ഉക്രൈൻ അംബാസഡർ ഒൽഹ സെലിഖ് എന്നിവർ ഉൾപ്പെടെ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.