നീറ്റ്​: വിദ്യാർഥികളെ നീറ്റിക്കരുത്​...

ഇന്ത്യക്ക് പുറത്ത് നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കാതിരിക്കുന്നത് ഗള്‍ഫ് നാടുകളില്‍ അടക്കം പഠിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ കുട്ടികളുടെ അവസരങ്ങളെയും അവകാശങ്ങളെയും നിഷേധിക്കുന്നതാണ്. പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചതിന് പിന്നാലെ പുറത്തുവിട്ട പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം അനുവദിച്ച മസ്‌കത്ത് അടക്കമുള്ള കേന്ദ്രങ്ങള്‍ ഇത്തവണ ഉള്‍പ്പെടുത്താതിരുന്ന നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ നടപടി പ്രതിഷേധാര്‍ഹമാണ്.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ മസ്‌കത്തില്‍ പരീക്ഷാ കേന്ദ്രം അനുവദിച്ച ഘട്ടങ്ങളില്‍ കുറ്റമറ്റ രൂപത്തില്‍ പരീക്ഷ നടത്തുകയും 400ലധികം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുകയും ചെയ്തിരുന്നു. 21 ഇന്ത്യന്‍ സ്‌കൂളുകളാണ് ഒമാനിലുള്ളത്. ഇവിടെ നിന്നും ഹയര്‍സെക്കന്‍ഡറി പഠനം നടത്തുന്നത് ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ്. ഇവരില്‍ നൂറ് കണക്കിന് കുട്ടികള്‍ നീറ്റ് പരീക്ഷക്കായി കാത്തിരിക്കുകയും ചെയ്യുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും ഒമാനിലെ കേന്ദ്രത്തില്‍ നിന്ന് പരീക്ഷ എഴുതാനാകുമെന്ന് പ്രതീക്ഷിക്കുകയും പരിശീലനം നടത്തുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കേറ്റ തിരിച്ചടിയാണ് കേന്ദ്ര തീരുമാനം. നിലവിലെ സാഹചര്യത്തില്‍ നാട്ടിലേക്കുള്ള യാത്രയും തിരിച്ചുവരവും ചേലവേറിയതാണ്. ഈ ഘട്ടത്തില്‍ ഒമാനില്‍ പരീക്ഷാ കേന്ദ്രം ഇല്ലാതിരിക്കുന്നത് ഇവിടെ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പ്രവേശന പരീക്ഷക്കുള്ള അവസരം നഷ്ടപ്പെടാന്‍ കാരണമാകും.സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും സ്ഥാപനങ്ങളിലും ഉന്നത പഠനം നടത്തുന്നതിനുള്ള അവസരങ്ങും ഇതുവഴി പ്രവാസി വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാകും. മുന്‍ കാലങ്ങളെ അപേക്ഷിച്ച് പലരും തൊഴില്‍ ഭീഷണികളും കച്ചവടങ്ങളിലും മറ്റും വിവിധ പ്രതിസന്ധികളും നേരിടുകയാണ്. എന്നാല്‍, മത്സര പരീക്ഷകളില്‍ അടക്കം മികച്ച പ്രകടനമാണ് അടുത്ത കാലത്തായി പ്രവാസി വിദ്യാര്‍ഥികള്‍ നടത്തുന്നത്. നാട്ടിലെ വ്യത്യസ്ത മേഖലകളിലാണ് ഗള്‍ഫ് നാടുകളില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ മികവുറ്റ പ്രകടനം നടത്തുന്നത്. ഗള്‍ഫ് നാടുകളിലെ ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ കൂടുതല്‍ മികവാര്‍ന്ന പഠനത്തിന് അവസരമൊരുങ്ങുകയും പഠന നിലവാരം ഉയരുകയും ചെയ്യുന്നു. വിദ്യാര്‍ഥികളുടെ പുരോഗതിക്കും ഇത് കാരണമാകുന്നു. ഈ ഘട്ടത്തിലും, അവര്‍ ജീവിക്കുകയും പഠിക്കുകയും ചെയ്യുന്ന നാടുകളില്‍ പരീക്ഷാ കേന്ദ്രം ഇല്ലാതാക്കുന്ന നിലപാട് തിരുത്തപ്പെടണം. ഗള്‍ഫ് നഗരങ്ങളെ കൂടി ഉള്‍പ്പെടുത്തി പട്ടിക ഉടന്‍ പുനഃപ്രസിദ്ധീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം.

Tags:    
News Summary - NEET: expatriate indian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.