എം.ഡബ്ല്യു.പി.എസ് സംഘടിപ്പിച്ച വാർത്തസമ്മേളനത്തിൽ നിന്ന്

ആഫ്രിക്കൻ തൊഴിലാളികൾക്കായി പ്രത്യേക ഹെൽപ് ഡെസ്കുമായി എം.ഡബ്ല്യു.പി.എസ്

മനാമ: ബഹ്‌റൈനിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ സഹായിക്കുന്നതിനായി പ്രത്യേക ഹെൽപ്പ് ഡെസ്ക് സ്ഥാപിക്കാൻ പ്രവാസി അവകാശ സംഘടനയായ മൈഗ്രന്റ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി (എം.ഡബ്ല്യു.പി.എസ്) തീരുമാനിച്ചു. ബഹ്റൈനിൽ ഇത്തരം രാജ്യങ്ങളുടെ എംബസികളോ കോൺസുലേറ്റുകളോ ഇല്ലാത്തതിനാൽ ദുരിതത്തിലാകുന്ന തൊഴിലാളികൾക്ക് ഈ സംവിധാനം വലിയ ആശ്വാസമാകും.

നിലവിൽ പ്രവാസി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളിൽ വലിയ വർദ്ധനവ് ഉണ്ടായതായി സൊസൈറ്റി ചെയർപേഴ്സൺ മോന അൽമോയിദ് ചൂണ്ടിക്കാട്ടി. 2026ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ മാത്രം 42 പുതിയ പരാതികളാണ് ലഭിച്ചത്. ഇതിൽ 80 ശതമാനവും ശമ്പളം മുടങ്ങുന്നതുമായി ബന്ധപ്പെട്ടതാണ്. കഴിഞ്ഞ വർഷം ലഭിച്ച 86 കേസുകളിൽ 90 ശതമാനവും പരിഹരിക്കാൻ സാധിച്ചതായി ജനറൽ സെക്രട്ടറി മാധവൻ കല്ലത്ത് അറിയിച്ചു. കാമറൂൺ, ഉഗാണ്ട, നൈജീരിയ, കെനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ നീക്കമെന്നും ചെയർപേഴ്സൺ അറിയിച്ചു.

സൗദി അറേബ്യയിലെയോ മറ്റ് അയൽരാജ്യങ്ങളിലെയോ ഈ രാജ്യങ്ങളുടെ എംബസികളുമായി സഹകരിച്ചായിരിക്കും ഹെൽപ്പ് ഡെസ്കിന്റെ പ്രവർത്തനം. നിയമസഹായം, യാത്രാ രേഖകൾ ശരിയാക്കൽ, ഇമിഗ്രേഷൻ ക്ലിയറൻസ് തുടങ്ങിയവ ഇതിലൂടെ ലഭ്യമാക്കും.

വേനൽക്കാലത്തെ ഉച്ചവിശ്രമ നിയമം മൂന്ന് മാസമാക്കി ദീർഘിപ്പിക്കണമെന്ന ആവശ്യവുമായി അധികൃതരെ സമീപിക്കാനും സൊസൈറ്റി തീരുമാനിച്ചിട്ടുണ്ട്. സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ വിവരിക്കുന്ന 'മൈഗ്രന്റ് വോയ്‌സ്' ന്യൂസ്‌ലെറ്ററിന്റെ പുതിയ പതിപ്പും ചടങ്ങിൽ പ്രകാശനം ചെയ്തു. വൈസ് ചെയർപേഴ്സൺ ഇവോൺ ഭാസ്കരൻ, ട്രഷറർ കവിതശ്രീ സുവർണ്ണ, രാജി ഉണ്ണികൃഷ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു. 

Tags:    
News Summary - MWPS launches special help desk for African workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.