മസ്കത്ത്: കനത്ത മഴയിൽ വടക്കൻ ശർഖിയ ഗവർണറേറ്റിലെ മുദൈബി വിലായത്തിൽ മരണപ്പെട്ട കുട്ടികൾ കണ്ണീർ നോവാകുന്നു. പെരുന്നാൾ ആഘോഷങ്ങളിൽ തങ്ങളോടൊപ്പം ആടിയും പാടിയും ആഘോഷിച്ചിരുന്ന കുട്ടികളെ വാദിയുടെ രൂപത്തിൽ മരണം തട്ടിയെടുത്തെന്ന വാർത്ത ഈ ഗ്രാമത്തിന് ഇപ്പോഴും വിശ്വാസിക്കാനായിട്ടില്ല. സ്കൂളിൽനിന്ന് അയൽവാസിയുടെ കൂടെ വാഹനത്തിൽ മടങ്ങുകയായിരുന്ന അഹമ്മദ്, മുഹമ്മദ്, അബ്ദുല്ല, റേദ്, ബസ്സം, അൽ മുതാസ്, കഹ്ലാൻ, യഹ്യ, യാസർ, മുഹമ്മദ് എന്നീ കുട്ടികളാണ് മുദൈബിയിലെ സമദ്ഷാൻ വാദിയിൽ അകപ്പെട്ട് മരിക്കുന്നത്. 10-15 നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ച കുട്ടികൾ.
കാർ ഓടിച്ചിരുന്ന യൂനിസ് അൽ അബ്ദാലി ഇപ്പോഴും ദുരന്തത്തിന്‍റെ ആഘാതത്തിൽനിന്ന് മുക്തനായിട്ടില്ല. ഞായറാഴ്ച മഴ മേഘങ്ങൾ കനക്കുന്നത് കണ്ട് സ്കൂളിൽനിന്ന് തന്‍റെ മകൻ മുതാസിനെ കൂട്ടാൻ പോയതായിരുന്നു അദ്ദേഹം. അയൽവാസികളായ മറ്റ് 14 കുട്ടികളേയും തിരിച്ച് പോരുന്നതിനിടെ കാറിൽ കയറ്റി. ഇതിൽ 12പേരും മുതാസിന്‍റെ കൂടെ പഠികുന്നവരാണ്. മഴ കൂടുതൽ ശക്തമാകുന്നതിനു മുമ്പേ വീട്ടിൽ എത്തുന്നതിനായി വാദിയിൽ വാഹനം ഇറക്കുകയായിരുന്നു.
കാർ സുരക്ഷിതമായി കടന്നുപോകുമെന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാൽ കുത്തിയൊലിക്കുന്ന മഴവെള്ള പാച്ചിലിൽ വാഹനം അകപ്പെടുകയും കുട്ടികൾ ഒലിച്ചുപോകുകയുമായിരുന്നു. ശക്തമായ ഒഴുക്കിൽപ്പെട്ട ഡ്രൈവറെയും ഒരു വിദ്യാർഥിയെയും 600 മീറ്റർ ദൂരത്തുനിന്ന് രക്ഷിച്ച് പൊലീസ് വ്യോമസേന ഇബ്ര ആശുപത്രിയിലേക്ക് മാറ്റി. രണ്ട് വിദ്യാർത്ഥികളെ പൗരന്മാരും രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായി നടത്തിയ തിരച്ചിലിലാണ് ഒമ്പത് വിദ്യാർഥികളുടെ മൃതദേഹങ്ങൾ ഞായറാഴ്ചയും പത്താമത്തെ മൃതദേഹം തിങ്കളാഴ്ചയും കണ്ടെത്തുന്നത്.
യൂനിസ് അൽ അബ്ദാലിയും ഒരു വിദ്യാർഥിയും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ മരണത്തിൽ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ അനുശോചനമറിയിച്ചു. കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരാണ് അനുശോചിച്ചത്. രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴയാണ് തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.