ജബൽ അബ്യാദിന്റെ വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന്റെ ഭാഗമായി
സംഘം സ്ഥലം സന്ദർശിച്ചപ്പോൾ
മസ്കത്ത്: അൽ ഹംറയിലെ ജബൽ അബ്യാദ് അഥവാ വൈറ്റ് മൗണ്ടനിന്റെ ടൂറിസം വികസനത്തിനായി മാസ്റ്റർ പ്ലാൻ ഒരുങ്ങുന്നു. പ്രദേശത്തിന്റെ ഉപയോഗിക്കാത്ത സാധ്യതകൾ മനസിലാക്കിയാണ് പുതിയ പദ്ധതി പൈതൃക, ടൂറിസം മന്ത്രാലയം ആസൂത്രണം ചെയ്യുന്നത്.സ്പാനിഷ് കൺസൾട്ടിങ് സ്ഥാപനമായ ടി.എച്ച്.ആർ സ്ട്രാറ്റജിക് ടൂറിസം അഡ്വൈസേഴ്സ് ആണ് മേഖലയുടെ സമഗ്ര ടൂറിസം മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. നാലുപതിറ്റാണ്ടിലേറെയായി ലോകമെമ്പാടുമുള്ള ടൂറിസം കേന്ദ്രീകൃത സംഘടനകൾക്ക് ഇവർ ഉപദേശം നൽകിവരുന്നുണ്ട്.
ജബൽ അബ്യാദിനായി ഒരു ടൂറിസം മാസ്റ്റർ പ്ലാൻ വികസിപ്പിക്കുന്നതിനുള്ള പദ്ധതി ഞങ്ങൾ ഔദ്യോഗികമായി ആരംഭിച്ചതായി കമ്പനി ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്തു. ദാഖിലിയ ഗവർണറേറ്റിൽ സ്ഥിതി ചെയ്യുന്ന ജബൽ അബ്യാദിലേക്ക് മസ്കത്തിൽനിന്ന് രണ്ട് മണിക്കൂറിൽ താഴെ ഡ്രൈവ് ചെയ്താൽ എത്താവുന്ന ദൂരമാണുള്ളത്. വശ്യമനോഹരമായ പ്രകൃതി, സമ്പന്നമായ പുരാവസ്തു പൈതൃകം, ആദിത്യമര്യാദയുള്ള ജനങ്ങൾ എന്നിവക്കു പേരുകേട്ടതാണ് പ്രദേശം. പ്രാരംഭ ഫീൽഡ് വർക്കിന്റെ ഭാഗമായി, ജാവിയർ ഗൊൺസാലസ് ഗാർസിയ, മരിയ വിലപ്ലാന എന്നിവരടങ്ങുന്ന ടി.എച്ച്.ആർ സംഘം പൈതൃക, ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായും പ്രാദേശിക വിദഗ്ധരുമായും സ്ഥലം സന്ദർശിച്ചു. പ്രദേശത്തിന്റെ സാധ്യതകൾ വിലയിരുത്തുന്നതിനും സുസ്ഥിര ടൂറിസം ലക്ഷ്യങ്ങൾക്ക് അനുസൃതമായി വികസന അവസരങ്ങൾ തിരിച്ചറിയുന്നതിനുമായിരുന്നു സന്ദർശനം.
അതിശയിപ്പിക്കുന്ന വാദികൾ, സമ്പന്നമായ പുരാവസ്തു സ്ഥലങ്ങൾ, വിസ്മയിപ്പിക്കുന്ന ഗുഹകൾ, എല്ലാറ്റിനുമുപരി അവിടുത്തെ ജനങ്ങളുടെ ഊഷ്മളമായ ആതിഥ്യമര്യാദ എന്നിവയാൽ ടൂറിസം സാധ്യതകൾക്ക് ഏറെ പ്രധാന്യമുള്ളതാണ് ഈ പ്രദേശമെന്ന് സംഘം അഭിപ്രായപ്പെട്ടു. പരിസ്ഥിതിയെയും പ്രാദേശിക സംസ്കാരത്തെയും ബഹുമാനിക്കുന്ന പദ്ധതി രൂപപ്പെടുത്തുന്നതിൽ ഈ സന്ദർശനം ഒരു നിർണായകമായിരുന്നുവെന്ന് സംഘം വ്യക്തമാക്കി.
ജബൽ അബ്യാദിന്റെയും വകൻ ഗ്രാമത്തിന്റെയും വികസനം ത്വരിതപ്പെടുത്തണമെന്ന് കഴിഞ്ഞ വർഷം സുൽത്താൻ ഹൈതം ബിൻ താരിഖ് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തയിലാണ് വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ഈ പ്രദേശങ്ങളെ പ്രധാന ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്, പ്രത്യേകിച്ച് ഔട്ട്ഡോർ, ക്യാമ്പിങ്, സാഹസിക യാത്രകൾ എന്നിവക്കായി, അവശ്യ അടിസ്ഥാന സൗകര്യങ്ങളും സഹായകരമായ സാഹചര്യങ്ങളും ഒരുക്കണമെന്നും നിദേശിച്ചിട്ടുണ്ട്. ജി.ഡി.പിയിൽ ടൂറിസം മേഖലയുടെ സംഭാവന വർധിപ്പിക്കുക, പ്രാദേശിക സാമ്പത്തിക മൂല്യം സൃഷ്ടിക്കുക, പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നീ ഒമാന്റെ തന്ത്രവുമായി ഈ നീക്കം യോജിക്കുന്നു. ദീർഘകാല നേട്ടങ്ങൾ ഉറപ്പാക്കി, പ്രദേശത്തിന്റെ സുസ്ഥിര വളർച്ചക്ക് അടിത്തറ പാകാൻ ടൂറിസം മാസ്റ്റർപ്ലാൻ സഹായകമാകമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.