കോവിഡ് വാക്സിൻ അംബാസഡർ മുനു മഹാവർ ആരോഗ്യമന്ത്രി ഡോ. അൽ സഇൗദിക്ക് കൈമാറുന്നു
മസ്കത്ത്: ഇന്ത്യയുടെ സൗഹൃദ സമ്മാനമായി എത്തിച്ച കോവിഡ് വാക്സിൻ ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കൈമാറി. ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ മുനു മഹാവറാണ് ഒമാൻ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ സഇൗദിക്ക് വാക്സിൻ ഒൗദ്യോഗികമായി കൈമാറിയത്. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിച്ച ഒരുലക്ഷം ഡോസ് ഒാക്സ്ഫഡ്/ ആസ്ട്രസെനക വാക്സിനാണ് ശനിയാഴ്ച രാത്രിയോടെ മസ്കത്തിലെത്തിച്ചത്.
വാക്സിൻ ലഭ്യമാക്കിയതിൽ നന്ദിയറിയിച്ച ഡോ. അൽ സഇൗദി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി നയതന്ത്രത്തെ ഇത് ശക്തിപ്പെടുത്തുമെന്നും പറഞ്ഞു. 'വാക്സിൻ മൈത്രി' പദ്ധതിയുടെ ഭാഗമായി ഒമാന് പുറമെ യു.എ.ഇ, ബഹ്റൈൻ തുടങ്ങി നിരവധി രാജ്യങ്ങളിലേക്കും ഇന്ത്യ വാക്സിൻ അയച്ചിരുന്നു.
കോവിഡ് മഹാമാരി സമയത്ത് ഇന്ത്യൻ സമൂഹത്തിന് നൽകിയ സംരക്ഷണത്തിന് സുൽത്താനും ഒമാൻ ഭരണകൂടത്തിനും അംബാസഡർ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഫൈസർ കോവിഡ് വാക്സിൻ ആദ്യ ഡോസായി സ്വീകരിച്ചവർക്ക് ആസ്ട്രസെനക രണ്ടാമത്തെ ഡോസായി സ്വീകരിക്കാൻ കഴിയില്ലെന്ന് ചടങ്ങിനുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ ആരോഗ്യമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉൽപാദകരിൽ ഒരാളാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട്. ആസ്ട്രസെനക എല്ലാവർക്കും സംരക്ഷണം നൽകുന്നതാണെന്നും കാര്യക്ഷമതയും സുരക്ഷയും പ്രവർത്തനഫലവുമൊക്കെ ലബോറട്ടറി പരിശോധനകളിലൂടെ ഉറപ്പുവരുത്തിയതാണെന്നും മന്ത്രി പറഞ്ഞു. ആസ്ട്രസെനകയുടെ രണ്ട് ഡോസുകൾക്കിടയിൽ നാലാഴ്ചയുടെ ഇടവേളയും ഉണ്ടായിരിക്കണം. കോവിഡിെൻറ പുതിയ വകഭേദത്തിന് ഇപ്പോഴുള്ള കോവിഡ് വാക്സിനുകളെല്ലാം ഫലപ്രദമാണെന്നാണ് ആദ്യഘട്ട പഠനങ്ങളിൽനിന്ന് വ്യക്തമാകുന്നതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. നിലവിൽ നാലു പേർക്കാണ് കോവിഡിെൻറ പുതിയ വകഭേദം കണ്ടെത്തിയത്.
കൂടുതൽ പേർക്ക് ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.
വീണ്ടുമൊരു ലോക്ഡൗൺ വേണ്ടിവരില്ലെന്നാണ് കരുതുന്നതെന്നും ഡോ. അൽ സഇൗദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.