ഖരീഫ് സീസണിൽ സലാലയിൽനിന്നുള്ള കാഴ്ച
മസ്കത്ത്: ഈ വരുന്ന ഖരീഫ് സീസണിന് മുന്നോടിയായി പുതിയ സൗകര്യങ്ങൾ ദോഫാർ ഗവർണറേറ്റിൽ തുടങ്ങി. ദോഫാർ പ്രൈവറ്റ് മ്യൂസിയം, മിർബത്തിലെ 84 മുറികളുള്ള ഒരു ത്രീ സ്റ്റാർ ഹോട്ടൽ, സലാലയിലെ 216 മുറികളുള്ള ഒരു ആഡംബര സർവിസ്ഡ് അപ്പാർട്ട്മെന്റ് സമുച്ചയം എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പുതിയ ടൂറിസം പദ്ധതികൾ ഉദ്ഘാടനം ചെയ്തത്.
ഈ കൂട്ടിച്ചേർക്കലുകളിലൂടെ ദോഫാറിലെ ലൈസൻസുള്ള ടൂറിസം സ്ഥാപനങ്ങളുടെ ആകെ എണ്ണം 100 ആയി. മൊത്തത്തിൽ 8,000ത്തിലധികം ഹോട്ടൽ മുറികൾ വാഗ്ദാനം ചെയ്യുന്നു. സന്ദർശക സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അൽ ഹഫ ബീച്ച് മാർക്കറ്റിൽ ഒരു പുതിയ ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററും തുറന്നു. വ്യത്യസ്തമായ മൺസൂൺ കാലാവസ്ഥയാണ് ദോഫാറിനെ വിവിധ ലോക രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിക്കുന്ന ഒരു പ്രധാന സ്ഥലമാക്കി മാറ്റുന്നതെന്ന് ഗവർണറേറ്റിലെ പൈതൃക-ടൂറിസം ഡയറക്ടർ ജനറൽ ഖാലിദ് അബ്ദുല്ല അൽ അബ്രി പറഞ്ഞു.
വിശാലമായ ടൂറിസം തന്ത്രത്തിന്റെ ഭാഗമായി ഈ വർഷത്തെ ഖരീഫ് സീസണിനായി മന്ത്രാലയം സമഗ്രമായ പ്രമോഷനൽ കാമ്പയിനും നടത്തി വരുകയാണ്. ദുബൈയിൽ നടന്ന അറബ് ട്രാവൽ മാർക്കറ്റ് 2025 പോലുള്ള അന്താരാഷ്ട്ര യാത്രാ പ്രദർശനങ്ങളിലാണ് ഈ വർഷത്തെ ഖരീഫ് സീസണിലെ പരിപാടികൾ പ്രഖ്യാപിച്ചത്. ഫ്ലൈനാസ്, സൗദി എയർലൈൻസ് (ഫ്ലൈഡിയൽ), കുവൈഡത്ത് എയർവേയ്സ്, ജസീറ എയർവേയ്സ് എന്നിവയുൾപ്പെടെയുള്ള വിമാനക്കമ്പനികൾ നടത്തുന്ന സലാല വിമാനത്താവളത്തിലേക്കുള്ള പുതിയ നേരിട്ടുള്ള വിമാന റൂട്ടുകൾ എടുത്തുകാണിച്ച് സൗദി അറേബ്യയിലും കുവൈത്തിലും അധിക പ്രമോഷനൽ വർക്ക്ഷോപ്പുകളും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.