മസ്കത്ത്: ഉത്തര മലബാറുകാരുടെ യത്രാ ദുരിതത്തിന് നേരിയ ആശ്വാസം പകർന്ന് മസ്കത്തിൽനിന്ന് കണ്ണൂരിലേക്ക് ഇൻഡിഗോയുടെ നേരിട്ടുള്ള സർവിസിന് തുടക്കമായി. കഴിഞ്ഞ ദിവസം കണ്ണൂരിൽനിന്നെത്തിയ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി അധികൃതർ വരവേറ്റു. ഏപ്രിൽ 21ന് സർവിസ് തുടങ്ങുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നുത്. എന്നാൽ, പിന്നീട് ഇത് മേയ് 15ലേക്ക് മാറ്റുകയായിരുന്നു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് ഇൻഡിഗോ മസ്കത്ത് കണ്ണൂർ സർവിസുകൾ ഉണ്ടാവുക. കണ്ണൂരിൽനിന്ന് അർധരാത്രി 12.40 ന് പുറപ്പെട്ട് പുലർച്ചെ 2.35 നാണ് വിമാനം മസ്കത്തിൽ എത്തുക. മസ്കത്തിൽനിന്ന് പുലർച്ചെ 3.35 ന് പുറപ്പെട്ട് കാലത്ത് 8.30ന് കണ്ണൂരിൽ എത്തും.
മൂന്ന് തരം ടിക്കറ്റുകളാണ് ഇൻഡിഗോക്കുള്ളത്. ഏറ്റവും കുറഞ്ഞ നിരക്കുള്ള സേവ് ഫെയറിൽ ഏഴ് കിലോ ഹാൻഡ് ബാഗും 30 കിലോ ലഗേജുഗമാണ് അനുവദിക്കുക. ഇതിൽ ഭക്ഷണം ലഭ്യമാവില്ല. നിലവിൽ ഈ വിഭാഗത്തിലുള്ള ടിക്കറ്റിന് നിലവിൽ 49.05 റിയാലാണ് വെബ്സൈറ്റിൽ കാണിക്കുന്നത്. കുറച്ചുകൂടി ഉയർന്ന നിരക്കുള്ള ഫ്ലക്സ് ടിക്കറ്റെടുക്കുന്നവർക്ക് വിമാനത്തിൽ സൗജന്യ ഭക്ഷണം ലഭിക്കും. ഈ വിഭാഗത്തിൽപ്പെടുന്നവർക്കും ഏഴ് കിലോ ഹാന്റ് ബാഗും 30 കിലോ ലഗേജും അനുവദിക്കും. 52.2 റിയാലാണ് ടിക്കറ്റിന് ഈടാക്കുന്നത്.
കുറച്ചുകൂടി ഉയർന്ന നിരക്കായ സൂപ്പർ ഫെയർ എടുക്കുന്നവർക്ക് ഏഴ് കിലോ ഹാൻഡ് ബാഗും 35 കിലോ ലഗേജും ലഭിക്കും. ഈ വിഭാഗത്തിൽ ടിക്കറ്റ് എടുക്കുന്നവർക്ക് സൗജന്യ ഭക്ഷണവും ലഭിക്കും. 54.45 റിയാലാണ് ടിക്കറ്റിന് ഈടാക്കുക. അതേസമയം, സ്കൂൾ അവധിയും പെരുന്നാളുമെല്ലാം പ്രമാണിച്ച് വരും ദിവസങ്ങളിൽ നിരക്ക് ഉയരുന്നുണ്ട്. മേയ് അവസാനത്തോടെ പല ദിവസങ്ങളിലും 100 റിയാലിന്റെ അടുത്ത് എത്തുന്നുണ്ട്. അതിനിടെ കണ്ണൂരിലേക്ക് എയർ ഇന്ത്യ എക്സ്പ്രസും സർവിസുകൾ വർധിപ്പിച്ചിട്ടുണ്ട്. ആഴ്ചയിൽ ഏഴ് സർവിസുകൾ എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽനിന്ന് ആരംഭിച്ചിട്ടുണ്ട്. ഒരു ദിവസം തിരുവനന്തപുരം വഴി കണ്ണൂരിലേക്കും സർവിസുകൾ നടത്തുന്നുണ്ട്.
ഏറെ കൃത്യതയോടെ സർവിസ് നടത്തുന്ന വിമാന കമ്പനിയായാണ് ഇൻഡിഗോ അറിയപ്പെടുന്നത്. നിലവിൽ എയർ ഇന്ത്യാ എക്സ്പ്രസ് കണ്ണുരിൽനിന്ന് സർവിസ് നടത്തുന്നുണ്ടെങ്കിലും റദ്ദാക്കലും യാത്ര വൈകലും അടക്കമുളള മുൻകാല അനുഭവങ്ങൾ കാരണം പലരും ടിക്കറ്റെടുക്കാൻ മടിക്കുന്നത് ഇൻഡിഗോക്ക് അനുഗ്രഹമാവും. അതേസമയം, ജൂൺ 16 മുതൽ ഇൻഡിഗോ ചെന്നൈയി നിന്ന് മസ്കത്തിലേക്ക് നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിക്കും.
ചെന്നൈയിൽനിന്ന് മസ്കത്തിലേക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവിസ് നടത്തുക, രാത്രി 11:45 ന് പുറപ്പെട്ട് പുലർച്ചെ 02.35 ന് മസ്കത്തിൽ എത്തും. മസ്കത്തിൽനിന്ന് ചെന്നൈയിലേക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവിസുണ്ടാവുക. മസ്കത്തിൽ ഉച്ചക്ക് 1.50 ന് പുറപ്പെട്ട് രാത്രി 6.45 ന് ചെന്നൈയിൽ ഇറങ്ങും. എല്ലാ സർവിസിലും എയർബസ് വിമാനങ്ങളായിരിക്കും ഉപയോഗിക്കുക. നിരക്കുകളും ഷെഡ്യൂളുകളും വെബ്സൈറ്റിൽ ലഭ്യമാണ്, ബുക്കിങും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.