കനത്ത മഴയെ തുടർന്ന് മുസന്ദത്തെ റോഡുകളിൽ വെള്ളം കയറിയപ്പോൾ
മസ്കത്ത്: ന്യൂനമർദത്തിന്റെ ഭാഗമായി മുസന്ദം, വടക്കൻ ബാത്തിന, ബുറൈമി, തെക്കൻ ബാത്തിന, മസ്കത്ത്, ദാഹിറ ഗവർണറേറ്റുകളിൽ ഞായറാഴ്ച വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ 10 മുതൽ 40 മീ.മീറ്റർ വരെ മഴ ലഭിച്ചേക്കും. മണിക്കൂറിൽ 28 മുതൽ 45 കി.മീറ്റർ വരെ വേഗത്തിലായിരിക്കും കാറ്റ്. മുസന്ദം, വടക്കൻ ബാത്തിന ഗവർണറേറ്റുകളുടെ തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാകും. ഒമാന്റെ തീരപ്രദേശങ്ങളിൽ 30 മുതൽ 50 മി.മീറ്റർ വരെ വരെ മഴ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരമാലകൾ രണ്ടു മുതൽ മൂന്നു മീറ്റർ വരെ ഉയരാനും സാധ്യതയുണ്ട്. കടലിൽ ഇറങ്ങരുതെന്നും വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ മുൻ കരുതൽ നടപടികൾ സ്വീകരിക്കണമെന്നും അധികൃതർ നിർദേശിച്ചു. കാലാവസ്ഥ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാൻ സ്വദേശികളും വിദേശികളും തയാറാകണമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) ആവശ്യപ്പെട്ടു.
അതേസമയം, ന്യൂനമർദത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മുസന്ദം ഗവർണറേറ്റിൽ കനത്ത മഴയാണ് ലഭിച്ചത്. വാദികൾ നിറഞ്ഞൊഴുകി. റോയൽ ഒമാൻ പൊലീസിന്റെയും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി വിനോദസഞ്ചാരികളുമായെത്തി കുടുങ്ങിയ വാഹനം സി.ഡി.എ.എയുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തുകയും ചെയ്തു. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
റോഡുകളിൽ പലയിടത്തും വെള്ളം കയറുകയും ചെയ്തു. വാദികളിൽ ഇറങ്ങരുതെന്നും മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.