1. ഇസ്ക്കിയിൽ അനുഭവപ്പെട്ട ഇടിമിന്നൽ 2. നഖലിൽ നിറഞ്ഞൊഴുകുന്ന വാദികളിലൊന്ന്
മസ്കത്ത്: ന്യൂന മർദത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചു. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരുന്നു പലയിടത്തും മഴ കോരിച്ചൊരിഞ്ഞത്. അനിഷ്ട സംഭവങ്ങളൊന്നും എവിടെനിന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വാദികൾ നിറഞ്ഞൊഴുകുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
നഖൽ, റുസ്താഖ്, ബുറൈമി, സുഹാർ, ഖാബൂറ, ഇസ്കി എന്നീ വിലായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്. ഉച്ചയോടെ തുടങ്ങിയ മഴ വൈകീട്ടാണ് ശക്തിയാർജിച്ചത്. റോഡുകളിൽ വെള്ളം കയറി ഉൾപ്രദേശങ്ങളിൽ നേരിയ തോതിൽ ഗതാഗത തടസ്സവും നേരിട്ടു. മഴ കിട്ടിയ സ്ഥലങ്ങളിലെല്ലാം താപനിലയിൽ പ്രകടമായ മാറ്റം വന്നിട്ടുണ്ട്.
അതേ സമയം, അൽ ഹജർ പർവതനിരകളിലും പരിസര പ്രദേശങ്ങളിലും ചൊവ്വാഴ്ചയും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. അഞ്ച് മുതൽ പത്ത് മില്ലിമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. മണിക്കൂറിൽ 28 മുതൽ 37 കി.മീറ്റർ വേഗത്തിലായിരിക്കും കാറ്റ് വീശുക.
ഒന്നിലധികം അപകട സാധ്യത സംബന്ധിച്ച മുൻകൂർ മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്. കാലാവസ്ഥയും പ്രകൃതിയിലെ മാറ്റങ്ങളും ഉദ്യോഗസ്ഥർ നിരീക്ഷിച്ചുവരുകയാണ്. പ്രതീക്ഷിക്കുന്ന മഴ സംബന്ധിച്ചും അധികൃതർ വിലയിരുത്തുന്നുണ്ട്. കാലാവസ്ഥ മുന്നറിയിപ്പുകളും ബുള്ളറ്റിനുകളും റിപ്പോർട്ടുകളും പിന്തുടരണമെന്ന് കേന്ദ്രം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.