മസ്കത്ത്: കനത്ത മഴയുടെ പശ്ചാത്തലത്തിൽ ദോഫാർ ഗവർണറേറ്റിലൂടെ വാഹനമോടിക്കുന്നവർ അതിജാഗ്രത പാലിക്കണമെന്ന് റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) പൊതു സുരക്ഷ നിർദേശം നൽകി. പൊടി നിറഞ്ഞ കാലാവസ്ഥയിൽ വാഹനമോടിക്കുന്നത് ഡ്രൈവർക്കും റോഡിലുള്ള മറ്റുള്ളവർക്കും ഒരുപോലെ അപകടകരമാണ്.
വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കുക, വാഹന വേഗം കുറക്കുക, മുന്നിലെയും പിന്നിലെയും ലൈറ്റുകൾ ഉപയോഗിക്കുക, ദൃശ്യപരത വളരെ മോശമായാൽ സുരക്ഷിതമായി വാഹനം നിർത്തുക എന്നിവ പാലിക്കാൻ എല്ലാവരും തയാറാകണം. കനത്ത മഴ മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി.
നാഷനൽ മൾട്ടി ഹാസാർഡ് ഏർലി വാണിങ് സെന്ററിൽ നിന്നുള്ള മുന്നറിയിപ്പുകൾ പരാമർശിച്ച്, വെള്ളപ്പൊക്ക സാധ്യത, വാദികളിലും നീരുറവകളിലും ജലനിരപ്പ് ഉയരൽ, താഴ്‌വരകളുടെയും മലയിടുക്കുകളുടെയും ഒഴുക്ക് എന്നിവ ചൂണ്ടിക്കാട്ടി. കനത്ത മഴയിൽ വാഹനമോടിക്കരുതെന്നും ദോഫാർ ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിലെ വാദികളിൽനിന്നും നീരുറവകളിൽ നിന്നും അകന്നുനിൽക്കണമെന്നും നിർദേശത്തിൽ പറയുന്നു. ന്യൂനമർനത്തിന്റെ പശ്ചാത്തലത്തിൽ ദോഫാറടക്കമുള്ള വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.