മസ്കത്തിലെ ബൗഷർ ക്ലബ് സ്റ്റേഡിയത്തിൽ നടക്കുന്ന ഗൾഫ് മാധ്യമം സോക്കർ കാർണിവലിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
മസ്കത്ത്: ഗൾഫ് മാധ്യമം സോക്കർ കാർണിവലിന് മസ്കത്തിലെ ബൗഷർ ക്ലബ് സ്റ്റേഡിയത്തിൽ ഉജ്ജ്വല തുടക്കം. ഫുട്ബാളും വിനോദപരിപാടികളും സംയോജിപ്പിച്ച് നടത്തുന്ന കാർണിവലിന്റെ ആദ്യദിനത്തിൽ നടന്ന മത്സരങ്ങൾ കാണാൻ നിരവധിയാളുകളാണ് എത്തിയത്.
രാവിനെ പകലാക്കി അരങ്ങേറിയ മത്സരത്തിൽ യുനൈറ്റഡ് കേരള എഫ്.സി, സോക്കർ ഫാൻസ് എഫ്.സി, മഞ്ഞപ്പട എഫ്.സി, ഡൈനാമോസ് എഫ്.സി, മർജാൻ ഫോൺസ് (ഫിഫ മൊബേല എഫ്.സി), മസ്കത്ത് ഹമ്മേഴ്സ് എഫ്.സി, ടോപ്ടെൻ ബർക്ക എഫ്.സി, സൈനോ എഫ്.സി സീബ്, റിയലക്സ് എഫ്.സി, യുനൈറ്റഡ് കാർഗോ എഫ്.സി, നെസ്റ്റോ എഫ്.സി, പ്രേസോൺ എഫ്.സി (കുമിൻ കാറ്ററിങ്), എൻ.ടി.എസ് എഫ്.സി, ഗ്ലോബൽ എഫ്.സി എന്നീ ടീമുകളാണ് മാറ്റുരച്ചത്.
ആദ്യ കളിമുതൽ അവസാനംവരെ വീറും വാശിയും നിറഞ്ഞുനിന്നതായിരുന്നു ഓരോ മത്സരങ്ങളും. രാത്രി 10.30ഓടെ തുടങ്ങി ഗ്രൂപ് സ്റ്റേജ് മത്സരം പുലർച്ച മൂന്നരയോടെയാണ് അവസാനിച്ചത്. സോക്കർ കാർണിവലിലെ ടൂർണമെന്റിന്റെ ഉദ്ഘാടനം മുഖ്യാതിഥിയായ ബൗഷർ ക്ലബ് ബോർഡ് ഡയറക്ടർ ബദർ അൽ ബശാരി നിർവഹിച്ചു. ഗൾഫ് മാധ്യമം റെസിഡന്റ് മാനേജർ അഫ്സൽ അഹമ്മദ് അധ്യക്ഷത വഹിച്ചു.
മുഖ്യാതിഥി മുൻ ഇന്ത്യൻ ഫുട്ബാൾ താരം സി.കെ. വിനീത്, ഗൾഫ് മാധ്യമം-മീഡിയവൺ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഫസൽ കതിരൂർ, പ്രോഗ്രാം കൺവീനർ സൈതാലി ആതവനാട്, ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഷൈജു സലാഹുദ്ദീൻ, നെസ്റ്റോ ഹൈപ്പർമാർക്കറ്റ്സ് ഒമാൻ റീജിയണൽ ഓപ്പറേഷൻ മാനേജർ ഷാജി അബ്ദുള്ള, ലുലു എക്സ്ചേഞ്ച് ഒമാൻ മാർക്കേറ്റിങ് മാനേജർ ബിനോദ് കുമാർ ദാസ് എന്നിവർ സംബന്ധിച്ചു.
ക്വാർട്ടർ മുതൽ ഫൈനൽ വരെയുള്ള മത്സരം വെള്ളിയാഴ്ച വൈകീട്ട് നാലുമുതൽ തുടങ്ങും. പ്രവേശനം സൗജന്യമാണ്. വിജയികൾക്ക് 600 റിയാലും വിന്നേഴ്സ് ട്രോഫിയും രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 250 റിയാലും റണ്ണേഴ്സ് ട്രോഫിയും നൽകും. മൂന്നാം സ്ഥാനക്കാർക്ക് 100 റിയാലും ഫസ്റ്റ് റണ്ണറപ്പ് ട്രോഫിയും കൈമാറും. കൂടാതെ മികച്ച കളിക്കാർക്കും മറ്റും പ്രോത്സാഹന സമ്മാനങ്ങളും സമ്മാനിക്കും.
സോക്കർ കാർണിവലിൽ ആവേശം തീർക്കാൻ മുൻ ഇന്ത്യൻ ഫുട്ബാൾ താരം സി.കെ. വിനീത്, മലയാള സിനിമയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ ആന്റണി വർഗീസ് എന്ന പെപെ, കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായ ഡെയിൻ ഡേവിസ് എന്നിവരാണ് എത്തുന്നത്.
മസ്കത്തിലെ സെവൻസ് ഫുട്ബാളിന്റെ കിരീടത്തിനായി ഒരു ഭാഗത്ത് എട്ട് ടീമുകൾ പൊരുതുമ്പോൾ, മറുഭാഗത്ത് രുചിമേളങ്ങളും കലാപ്രകടനങ്ങളുമായി ബൗഷർ ക്ലബ് സ്റ്റേഡിയം വെള്ളിയാഴ്ച ആനന്ദത്തിലാറാടും. കേരളത്തിന്റെ തനത് രുചി വൈവിധ്യങ്ങളുമായി 20ലധികം ഫുഡ് സ്റ്റാളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്.
വെള്ളിയാഴ്ചയാണ് കുട്ടികൾക്കും സ്ത്രീകൾക്കും ആസ്വദിക്കാവുന്ന പരിപാടികൾ ഒരുക്കിയിട്ടുള്ളത്. സന്ദർശകർക്കായി രുചി വൈവിധ്യങ്ങളുടെ ലോകമാണ് ബൗഷർ ക്ലബ് സ്റ്റേഡിയത്തിൽ തുറന്നിട്ടിരിക്കുന്നത്. മലബാർ വിഭവങ്ങൾക്കൊപ്പം കേരളത്തിന്റെ തനത് വിഭവൾക്കായി പ്രത്യേക ഇടങ്ങളുമുണ്ടാകും. ഒപ്പം രാജ്യത്തെ പ്രമുഖ റസ്റ്റാറൻറുകൾ ഒരുക്കുന്ന ലൈവ് കൗണ്ടറിൽനിന്ന് കാണികൾക്ക് ഇഷ്ടമുള്ള വിഭവങ്ങൾ വാങ്ങാനും കഴിയും.
സോക്കർ കാർണിവലിനെത്തിയ കാണികൾ
ഭക്ഷണപ്രേമികളുടെ മനം കവരുന്ന തരത്തിലുള്ള ഇനങ്ങളുമായി മസ്കത്തിലെ സ്ത്രീ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ഫുഡ് സ്റ്റാളുകൾ, വിവിധ തരം ചോക്ലേറ്റുകൾ, ഫാൻസി ഐറ്റംസുകൾ, മിഠായികൾ, മെഹന്തി എന്നിവയും കാർണിവലിന്റെ ആകർഷകമായുണ്ടാകും. കുട്ടികൾക്കും കുടുംബത്തിനും ആസ്വദിക്കാവുന്ന വിവിധങ്ങളായ വിനോദപരിപാടികളും മത്സരങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. ഇതിൽ വിജയികളാകുന്നവർക്ക് കൈനിറയെ സമ്മാനങ്ങളും നേടാനാകും.
കുട്ടികൾക്കും സ്ത്രീകൾക്കുമായുള്ള വിവിധ ഗെയിമുകൾ, ക്വിസ് മത്സരങ്ങൾ, ഫേസ് പെയിന്റിങ്, ഷൂട്ടൗട്ട്, മറ്റ് മത്സരങ്ങളും നടക്കും. സ്പോട്ട് മത്സരങ്ങളും പ്രേക്ഷകരെ പങ്കാളികളാക്കിയുള്ള വിവിധ കലാപ്രകടനങ്ങളും നടക്കും. നെസ്റ്റോ ഹൈപ്പർ മാർക്കെറ്റ്, ബദർ അൽ സമ, ലുലു എക്സ്ചേഞ്ച് എന്നിവരാണ് സോക്കർ കാർണിവലിന്റെ മുഖ്യ പ്രായോജകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.