യു.എന്നിൽ ഒമാന്റെ സ്ഥിരം പ്രതിനിധി സംഘത്തിലെ അംഗം ഫസ്റ്റ് സെക്രട്ടറി മുഹമ്മദ് ബിൻ അലി അൽ ഷെഹി സംസാരിക്കുന്നു
മസ്കത്ത്: ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിലൂടെയും ഐക്യരാഷ്ട്രസഭയിൽ പൂർണമായ അംഗത്വം നൽകുന്നതിലൂടെയും മാത്രമെ മിഡിലീസ്റ്റ് മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ കഴിയൂവെന്ന് യു.എന്നിൽ ഒമാൻ. യു.എൻ ജനറൽ അസംബ്ലിക്ക് മുമ്പാകെ സമർപ്പിച്ച ‘സെക്യൂരിറ്റി കൗൺസിൽ റിപ്പോർട്ടി’ന്റെ ചർച്ചക്കിടെ ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയിലെ ഒമാന്റെ സ്ഥിരം പ്രതിനിധി സംഘത്തിലെ അംഗം ഫസ്റ്റ് സെക്രട്ടറി മുഹമ്മദ് ബിൻ അലി അൽ ഷെഹിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഫലസ്തീൻ വിഷയത്തിൽ പൂർണവും നീതിയുക്തവുമായ ശ്രദ്ധ നൽകാനും, അന്താരാഷ്ട്ര നിയമങ്ങളെയും ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളെയും മാനിക്കുന്ന വിധത്തിൽ ന്യായമായ മാനദണ്ഡങ്ങൾ പ്രയോഗിക്കാൻ രക്ഷാസമിതിയിലെ എല്ലാ അംഗങ്ങളോടും ഒമാൻ ആവശ്യപ്പെട്ടു.
സെക്യൂരിറ്റി കൗൺസിലിന്റെ പ്രവർത്തന സംവിധാനത്തെക്കുറിച്ച്, പ്രത്യേകിച്ച് വീറ്റോയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് പുനരവലോകനം വേണമെന്ന് മറ്റ് രാജ്യങ്ങളോടൊപ്പം ഒമാനും പറഞ്ഞു.
ഗസ്സ മുനമ്പിൽ സമഗ്രവും ശാശ്വതവുമായ വെടിനിർത്തൽ കരാറിലെത്താനായി സുരക്ഷ കൗൺസിൽ പുറപ്പെടുവിച്ച പ്രമേയത്തെ ഒമാൻ സ്വാഗതം ചെയ്തു. ഉടൻ ഇത് നടപ്പാക്കാനുള്ള ഗൗരവമായ നടപടികൾ എല്ലാ കക്ഷികളും സ്വീകരിക്കണം.
ഗസ്സ മുനമ്പിലും അധിനിവേശ ഫലസ്തീൻ പ്രദേശങ്ങൾക്കുമെതിരായ ക്രൂരമായ ആക്രമണം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ആവശ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറരുതെന്ന് ഇസ്രായേൽ അധിനിവേശ രാഷ്ട്രത്തോട് ആവശ്യപ്പെടണം. മേഖലയിലെ സമാധാനത്തിനും സുസ്ഥിരതക്കുമായി കിഴക്കൻ ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും സുൽത്താനേറ്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.