സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ തീ അണക്കുന്നു (ഫയൽ)
മസ്കത്ത്: വേനൽകാലത്ത് തീപിടിത്തങ്ങൾ സാധാരമായിരിക്കെ ആവശ്യമായ ജാഗ്രത പുലർത്തണമെന്ന് സിവിൽ ഡിഫൻസ്, ആംബുലൻസ് വിഭാഗം. ഈ വർഷം ജനുവരി ഒന്നു മുതൽ ഏപ്രിൽ അവസാനം വരെ, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിക്ക് ആകെ 1,204 തീപിടിത്ത അപകട റിപ്പോർട്ടുകൾ ലഭിച്ചു. കഴിഞ്ഞ ആഴ്ചയും വാണിജ്യ കെട്ടിടങ്ങൾ, റെസിഡൻഷ്യൽ ഏരിയകൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ തീപിടിത്ത അപകടങ്ങളുണ്ടായി.
ഇതോടെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി. കനത്ത ചൂടിൽ ഉണ്ടാവൻ സാധ്യതയുള്ള തീപിടിത്തം ഒഴിവാക്കാൻ കൂട്ടായ ശ്രമം ആവശ്യമാണെന്നും ഇതിനെതിരെ സുരക്ഷിതത്വം പാലിക്കൽ ഓരോ വ്യക്തികളുടെയും ഉത്തരവാദിത്തമാണെന്ന് അധികൃതർ വ്യക്തമാക്കി.
വ്യവസായ മേഖലകളിൽ തീപിടിക്കുമ്പോൾ ഏറ്റവും പ്രായോഗിക രീതിയിലുള്ള തീ കെടുത്തൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും സ്ഥാപനങ്ങളിലെ എല്ലാ ജീവനക്കാർക്കും സുരക്ഷ കാര്യങ്ങൾ പരിശീലിപ്പിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. വ്യവസായിക, താമസ ഇടങ്ങളിൽ തീപടരുന്നത് തടയാനുള്ള മുൻ കരുതലുകൾ എല്ലാവരും എടുത്തിരിക്കണം. പരിസരങ്ങളിൽ പുക, ഗ്യാസ് എന്നിവയുടെ സാന്നിധ്യം അറിയാനുള്ള യന്ത്രങ്ങൾ സ്ഥാപിക്കണം. താമസ ഇടത്തുനിന്ന് പുറത്ത് പോവുമ്പോഴും ദൂരദിക്കിലേക്ക് പോവുകയും ചെയ്യുന്നതിന് വീട് സൂക്ഷ്മ പരിശോധന നടത്തണം. തീപിടിക്കുന്ന വസ്തുക്കളും അല്ലാത്തവയും ഒന്നിച്ച് വെക്കാൻ പാടില്ല. ഭക്ഷണം പാകം ചെയ്ത ശേഷം ഗ്യാസ് പുറത്ത് പോവുന്നില്ലെന്ന് ഉറപ്പു വരുത്തുകയും ഗ്യാസ് ചോർച്ച ഉണ്ടാവാതെ സൂക്ഷിക്കുകയും വേണം.
കത്തുന്ന മെഴുകുതിരികൾ അശ്രദ്ധയോടെ ഉപേക്ഷിക്കരുത്. ചൂടുകാലത്ത് പാറയുള്ള പർവതങ്ങളിലേക്കും പോവുന്നതും ഒഴിവാക്കണം. ഇത്തരം സ്ഥലങ്ങളിൽ നിർഭാഗ്യകരമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായും അധികൃതർ പറഞ്ഞു. നിലവിൽ ഒമാനിലുണ്ടായ പല തീപിടിത്തങ്ങളും കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമാണ്. എന്നാൽ വ്യവസായ മേഖലകളിലുണ്ടാവുന്ന പല തീപിടിത്തങ്ങളും അശ്രദ്ധയും അവഗണയും കാരണമാണ്.
ഇതിന് പ്രധാന കാരണം ആരോഗ്യ, സുരക്ഷ, പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കാത്തതാണ്. യന്ത്രങ്ങൾ കനത്ത ചൂടിൽ പ്രവർത്തിപ്പിക്കുന്നതും തീപിടിത്തത്തിന് കാരണമാകുന്നു. വാഹനമോടിക്കുന്നവരും കടുത്ത വേനലിൽ കൂടുതൽ ജാഗ്രത പാലിക്കണം. ചൂട് കാലത്ത് വാഹനത്തിന്റെ പാർട്സുകൾ ശരിയായ രീതിയിൽ പരിപാലിച്ചില്ലെങ്കിൽ തീപിടിക്കാൻ കാരണമാക്കും.
അമിതമായി ചൂടാവുന്ന കേബിളുകളും എ.സിയും കാരണം വാഹനത്തിന് തീപിടിക്കും. ഇതിന് ആവശ്യമായ മുൻ കരുതലുകളെടുക്കണം. വാഹനം എപ്പോഴൂം തണലുള്ള ഇടങ്ങളിൽ പാർക്ക് ചെയ്യണം.
പാർക്ക് ചെയ്യുമ്പോൾ വാഹനത്തിൽ ഉണ്ടാവുന്ന ചൂടുള്ള വായു പുറത്തേക്ക് പോവാൻ പാർശ്വ ഗ്ലാസുകൾ ചെറിയ രീതിയിൽ താഴ്ത്തി ഇടണം. കത്താൻ സാധ്യതയുള്ള വസ്തുക്കൾ വാഹനങ്ങൾക്കുള്ളിൽ സൂക്ഷിക്കരുത്. വാഹനത്തിന്റെ പാർട്സുകൾ പതിവായി പരിശോധന നടത്തണം. അഴിഞ്ഞുകിടക്കുന്ന വാഹനത്തിന്റെ വയറുകൾ ഘടിപ്പിച്ച് വെക്കണം. വാഹനം ഓടിക്കുന്ന ആളുടെ സീറ്റിന് സമീപംതന്നെ തീകെടുത്തുന്ന ഉപകരണങ്ങൾ സൂക്ഷിക്കണം. വാഹനത്തിൽ പുകവലി ഒഴിവാക്കണം. വാഹനം പ്ലാസ്റ്റിക് കൊണ്ടും കത്തുന്ന വസ്തുക്കൾ കൊണ്ടും നിർമിച്ചതിനാൽ വാഹനത്തിൽ വീഴുന്ന ചെറിയൊരു തീപ്പൊരി വൻ അപകടത്തിലേക്ക് നയിക്കും.
വാഹനത്തിന് അകത്ത് നിന്നോ പുറത്ത് നിന്നോ റബറോ, പ്ലാസ്റ്റിക്കോ കത്തുന്ന മണം വന്നാൽ ഉടൻ വാഹനത്തിന്റെ എൻജിൻ ഓഫാക്കണമെന്നും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.