മസ്കത്ത്: വിദേശ നിക്ഷേപകർക്ക് കമേഴ്സ്യൽ രജിസ്ട്രേഷനും ലൈസൻസിനും കോവിഡ് കാലത്ത് ഏർപ്പെടുത്തിയിരുന്ന ഫീസിളവുകൾ ഒഴിവാക്കി. ഇതോടെ വാണിജ്യ വ്യവസായ മന്ത്രാലയം ഈ സേവനങ്ങൾക്ക് 2021 ആദ്യത്തിലെ നിരക്കുകൾതന്നെ ഈടാക്കും.
കോവിഡ് കാലത്ത് നിക്ഷേപം പ്രോത്സാഹിപ്പിക്കാനായി വാണിജ്യ വ്യവസായം കമേഴ്സ്യൽ രജിസ്ട്രേഷനുള്ള നിരക്കുകൾ കുത്തനെ കുറച്ചിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ 31 വരെ ഈ നിരക്കുകൾതന്നെയായിരുന്നു മന്ത്രാലയം ഈടാക്കിയിരുന്നത്. പുതിയ സ്ഥാപനങ്ങൾ തുടങ്ങുന്നതിനും ലൈസൻസ് പുതുക്കുന്നതിനും 3000 റിയാലിന് പകരം 96 റിയാലായിരുന്നു ഈടാക്കിയിരുന്നത്. ഇളവ് ഒഴിവാക്കിയതോടെ ജൂൺ ഒന്നുമുതൽ വീണ്ടും ഫീസ് 3000 റിയാലിലെത്തും.
എന്നാൽ, ഈ മാസം ഒന്നു മുതൽ രജിസ്ട്രേഷൻ ഫീസുകൾ ഉയർത്തിയതായി കിംവദന്തികൾ പ്രചരിക്കുന്നുണ്ടെന്നും ഇത് തെറ്റാണെന്നും മന്ത്രാലയം അധികൃതർ വ്യക്തമാക്കി. കോവിഡ് മഹാമാരി കാരണം 2021 മാർച്ച് ഒമ്പതിനാണ് അധികൃതർ ഫീസിളവ് പ്രഖ്യാപിച്ചത്. എന്നാൽ, പഴയ നിരക്കുകൾ പുനഃസ്ഥാപിക്കുക മാത്രമാണ് ചെയ്തതെന്നും അധികൃതർ വ്യക്തമാക്കി. ഈ ആനുകൂല്യം ഉപയോഗപ്പെടുത്തി നിരവധി നിക്ഷേപകർ കഴിഞ്ഞ വർഷം അവസാനം വരെ 96 റിയാലിന് കമേഴ്സ്യൽ ലൈസൻസുകൾ പുതുക്കിയിരുന്നു.
അഞ്ച് ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു കോവിഡ് കാലത്ത് സാമ്പത്തിക പദ്ധതികൾ പ്രോത്സാഹിപ്പിക്കാൻ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നത്. നികുതികളും ഫീസുകളും കുറക്കുക, ബിസിനസ് നിക്ഷേപ സാഹചര്യം മെച്ചപ്പെടുത്തുക, ചെറുകിട ഇടത്തരം സംരംഭകർക്ക് പിന്തുണ നൽകുക, തൊഴിൽ മാർക്കറ്റിലും ജോലിക്കും പ്രോത്സാഹന ധനം നൽകുക, ബാങ്കിങ്ങും വായ്പ പദ്ധതികളും എളുപ്പമാക്കുക എന്നിവയായിരുന്നു അവ. കോവിഡ് കാരണം ദേശീയ സാമ്പത്തിക മേഖലക്ക് വരുന്ന തിരിച്ചടികൾ ഒഴിവാക്കാനും രാജ്യത്തിന്റെ സാമ്പത്തിക മേഖല സുസ്ഥിരപ്പെടുത്താനുമുള്ള പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. ഒമാനി ബിസിനസുകാരിൽനിന്ന് വിദേശ നിക്ഷേപകരെക്കാർ കൂടുതൽ ഫീസുകൾ ഈടാക്കിയെന്ന വാർത്തയും തെറ്റാണെന്ന് അധികൃതർ വ്യക്തമാക്കി. ചില സേവനങ്ങൾക്ക് ഈ കാലയളവിൽ 60 മുതൽ 64 റിയാൽ വരെ നിരക്ക് ഈടാക്കിയതായും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.