ഇന്ത്യൻ സ്ഥാനപതി അമിത് നാരങിന് ഇൻഡോ ഗൾഫ് ആൻഡ് ദി മിഡിലീസ്റ്റ് ചേംബർ ഓഫ്
ഓഫ് കൊമേഴ്സ് ഒമാൻ ചാപ്റ്റർ നൽകിയ യാത്രയയപ്പ്
മസ്കത്ത്: സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരങിന് ഇന്ത്യൻ ബിസിനസുകാരുടെ കൂട്ടായ്മയായ ഇൻഡോ ഗൾഫ് ആൻഡ് ദി മിഡിലീസ്റ്റ് ചേംബർ ഓഫ് ഓഫ് കൊമേഴ്സ് ഒമാൻ ചാപ്റ്റർ (ഐ.എൻ.എം. ഇ.സി.സി ) യാത്രയയപ്പ് നൽകി. ഹോർമുസ് ഗ്രാൻഡ് ഹോട്ടലിൽ നടന്ന യാത്രയയപ്പിൽ ഐ.എൻ.എം. ഇ.സി.സി ഒമാൻ അംഗങ്ങൾ, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ബോർഡ് അംഗങ്ങൾ, കമ്മിറ്റികളുടെ തലവൻമാർ എന്നിവർ പങ്കെടുത്തു.
ഒമാനും ഇന്ത്യയും തമ്മിലെ ഉഭയകക്ഷി ബന്ധം വളർത്തുന്നതിൽ അംബാസഡർ വഹിച്ച പങ്കിനെ കുറിച്ച് പങ്കെടുത്തവർ പ്രകീർത്തിച്ചു. ഐ.എൻ.എം.ഇ.സി.സി ഒമാൻ ചാപ്റ്ററിന് ഔദ്യോഗിക മാനം നൽകുന്നതിൽ അംബാസഡർ അമിത് നാരങ് വലിയ പങ്കാണ് വഹിച്ചതെന്ന് സ്വാഗത പ്രസംഗം നടത്തിയ സ്ഥാപക ഡയറക്ടറും ഒമാൻ ചേംബറിന്റെ വിദേശ നിക്ഷേപ കമ്മിറ്റി ഡെപ്യൂട്ടി ചെയർമാനുമായ സി.എ. ഡേവിസ് കല്ലൂക്കാരൻ പറഞ്ഞു.
2023 ൽ ഒമാൻ വ്യവസായ വാണിജ്യമന്ത്രി ഖൈസ് അൽ യൂസുഫും ഇന്ത്യൻ വാണിജ്യമന്ത്രി പിയൂഷ് ഗോയലും തമ്മിലെ കൂടിക്കാഴ്ചക്ക് ശേഷം പുറത്തുവിട്ട ഔദ്യോഗിക സംയുക്ത പ്രസ്താവനയിൽ ഉൾപ്പെടുത്തുക വഴി ഒമാൻ ചേംബർ ഓഫ് കൊമേഴ്സുമായി ധാരണയിലെത്താനും ഐ.എൻ.എം. ഇ.സി.സിയുടെ ഒമാൻ ചാപ്റ്റർ ഔദ്യോഗികമായി സ്ഥാപിക്കാനും വഴിയൊരുങ്ങിയതായും അദേഹം പറഞ്ഞു.
അംബാസഡറായിരുന്ന കാലത്ത് ഒമാനും ഇന്ത്യയും തമ്മിലെ ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിൽ അമിത് നാരങ് വഹിച്ച പങ്ക് ഐ.എൻ.എം.ഇ സി.സി ഒമാൻ ചാപ്റ്റർ പ്രസിഡന്റ് മുഹിയുദ്ധീൻ മുഹമ്മദ് അലിയും സൂചിപ്പിച്ചു. ഈ വർഷം ആദ്യം ഭുവനേശ്വറിൽ നടന്ന പ്രവാസി ഭാരതീയ ദിവസിൽ സംസാരിച്ച എട്ട് വിദേശ ഇന്ത്യക്കാരിൽ ഒരാളായി തെരഞ്ഞെടുത്തതിലുള്ള വ്യക്തിപരമായ നന്ദിയും അദേഹം പങ്കുവെച്ചു. ഇന്ത്യ-ഒമാൻ ഉഭയകക്ഷി ബന്ധം പുതിയ തലങ്ങളിലേക്ക് വളരുകയാണെന്നും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ അടക്കം പുതിയ പദ്ധതികൾ വൈകാതെ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അംബാസഡർ പറഞ്ഞു.
സാമ്പത്തിക വികസനത്തിന് ഐ.എൻ.എം. ഇ.സി.സി പോലുള്ള കൂട്ടായ്മകളുമായുള്ള ഒമാൻ ചേംബറിന്റെ സഹകരണത്തിന് പ്രാധാന്യമേറെയാണെന്ന് ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് അംഗവും ഊർജ ഖനന വിഭാഗം അധ്യക്ഷനുമായ ഡോ. അബ്ദുല്ല അൽഹാർത്തി പറഞ്ഞു.
ഒമാൻ ചേംബറിന് കീഴിൽ ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി പങ്കാളിത്തം ശക്തമാക്കാനും സുസ്ഥിര വളർച്ച ഉറപ്പാക്കാനും ഐ.എൻ.എം. ഇ.സി.സി പ്രതിജ്ഞാബദ്ധമാണെന്ന ഉറപ്പുനൽകലോടെയാണ് പരിപാടി സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.