പ്രവാസികൾക്ക്​ ആശ്വാസം; കാലാവധി കഴിഞ്ഞ വിസ പിഴയില്ലാ​തെ ആഗസ്റ്റ്​ 31വരെ പുതുക്കാം

മസ്​കത്ത്​: കാലാവധി കഴിഞ്ഞ വിസ പിഴയില്ലാതെ പുതുക്കാൻ അവസരം നൽകിയത്​ പ്രവാസികൾക്ക്​ ആശ്വാസമാകുന്നു. കഴിഞ്ഞ ദിവസമാണ് ഒമാൻ​ തൊഴിൽ മന്ത്രാലയം വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴ ​സെപ്​റ്റംബർ ഒന്നുവരെ ഒഴിവാക്കിയതായി അറിയിച്ചത്​. ആഗസ്റ്റ്​ 31വരെ പുതുക്കുന്നവർക്കാണ്​ ഈ ആനുകൂല്യം ലഭിക്കുക. അതേസമയം, പുതുക്കിയ വിസാ നിരക്കുകൾ ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും മന്ത്രാലയം അറിയിച്ചു.

സുൽത്താൻ ഹൈതം ബിൻ ത്വാരിഖിന്‍റെ നിർദ്ദേശത്തെ തുടർന്ന്​ ദിവസങ്ങൾക്ക്​ മുമ്പ്​ കുത്തനെ കുറച്ച്​ പുതിയ വിസാ നിരക്കുകൾ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയിരുന്നു. പുതിയ നിരക്കനുസരിച്ച് ഏറ്റവും ഉയർന്ന വിഭാഗത്തിൽ ജോലി ചെയ്യുന്നവരുടെ വിസാ നിരക്ക് 301 റിയാലായിരിക്കും. കഴിഞ്ഞ വർഷം മേയ് ഒന്നുമുതൽ നിലവിൽ വന്ന നിരക്കനുസരിച്ച് 2001 റിയാലാണ് ഇതുവരെ ഈ വിഭാഗത്തിന്​ വിസാ ഫീസായി ഈടാക്കിയിരുന്നത്. 74 തസ്തികകളാണ് ഈ വിഭാഗത്തിൽ വരുന്നത്.

സർക്കാർ നിർദ്ദേശിച്ച സ്വദേശിവത്​കരണ തോത് പൂർണമായി നടപ്പാക്കിയയിട്ടുണ്ടെങ്കിൽ ഇത്തരം സ്ഥാപനങ്ങളിൽ നിന്ന് വിസ പുതുക്കാൻ 211 റിയാലാണ് ഈടാക്കുക. ഇടത്തരം വിഭാഗത്തിൽ ജോലി ചെയ്യുന്നവരുടെ വിസാ നിരക്ക് 251 ആയി കുറച്ചു. സ്പെഷ്യലൈസ്ഡ് വിഭാഗത്തിൽ പെട്ടവരും സാ​ങ്കേതിക മേഖലകളിലും ജോലി ചെയ്യുന്നവരാണ് ഇതിൽ പെടുന്നത്. 601 റിയാൽ മുതൽ 1001 റിയാൽ വരെയായിരുന്നു ഈ വിഭാഗത്തിൽ ഇതുവരെ ഈടാക്കിയിരുന്നത്. സ്വദേശിവൽകരണ തോത് പൂർത്തിയാക്കിയ കമ്പനികളിൽ നിന്ന് 176 റിയാൽ മാത്രമാണ് ഈടാക്കുക. മൂന്നാം വിഭാഗത്തിൽ പെട്ടവരുടെ വിസ നിരക്ക് 201 റിയാലായി കുറച്ചു.

നേരത്തെ ഈ വിഭാഗത്തിൽ നിന്ന് 301 റിയാൽ മുതൽ 361 റിയാൽ വരെയാണ് ഈടാക്കിയത്. സ്വദേശിവൽക്കരണ തോത് പുർത്തിയാക്കിയ സ്ഥാപനങ്ങൾ 141 റിയാൽ നൽകിയാൽ മതിയാവും. വീട്ട് ജോലി വിസകൾക്കും മറ്റും 101 റിയാലാണ് പുതിയ നിരക്ക്. നേരത്തെ ഈ വിഭാഗത്തിൽ നിന്ന് 141 റിയാലാണ് ഈടാക്കിയിരുന്നത്. കൃഷിക്കാരുടെ വിസാ ഫീസ് 201 റിയാലിൽ നിന്ന് 141 ആയി കുറച്ചിട്ടുണ്ട്. വിസ ഫീസ് കുറക്കാനുള്ള തീരുമാനം രാജ്യത്തിന്‍റെ വളർച്ചയിൽ വലിയ പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തത്.

Tags:    
News Summary - Expired visas can be renewed until August 31 without penalty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.