സംഗീതോത്സവുമായി ബന്ധപ്പെട്ട് ഏകത മസ്കത്ത് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ
വിശദീകരിക്കുന്നു
മസ്കത്ത്: ഇന്ത്യന്‍ കലയും സംഗീതവും ഒമാനില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഏകത മസ്കത്ത് എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന 'സംഗീതോത്സവ് 2024' ഒക്ടോബർ 24 മുതല്‍ 26 വരെ ബൗശര്‍ കോളജ് ഓഫ് ബാങ്കിങ് ആൻഡ് ഫൈനാന്‍ഷ്യല്‍ സ്റ്റഡീസില്‍ നടക്കുമെന്ന് സംഘടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
വ്യാഴാഴ്ച വൈകീട്ട് 6.30ന് പ്രശസ്ത കര്‍ണാടക സംഗീതജ്ഞയും പിന്നണി ഗായികയുമായ വസുധ രവിയുടെ കച്ചേരിയോടെയായിരിക്കും സംഗീതോത്സവത്തിന് തുടക്കം കുറിക്കുക. എല്ലാ ദിവസവും രാത്രി 10 മണി വരെ പരിപാടികള്‍ തുടരും. ഇന്ത്യയില്‍ നിന്നും ഒമാനില്‍ നിന്നുമുള്ള കലാകാരന്മാരാണ് `സംഗീതോത്സവിന്റെ' അരങ്ങിലെത്തുക.
25ന് നടക്കുന്ന ചടങ്ങില്‍ ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി അമിത് നാരങ് മുഖ്യാതിഥിയായിരിക്കും. പ്രശസ്ത മൃദംഗ വിദ്വാന് പത്രി സതീഷ് കുമാര്‍ നയിക്കുന്ന ലയവിന്യസം എന്ന താള വാദ്യ കച്ചേരിയും അന്നേ ദിവസം അരങ്ങേറും. 2024ലെ ഏകത `സംഗീത സുധാ നിധി' പുരസ്കാരം മസ്കത്തിലെ പഞ്ചവാദ്യ വിദ്വാന് തിച്ചൂര്‍ സുരേന്ദ്രന് നല്കി ആദരിക്കും.
26ന് നടക്കുന്ന ചടങ്ങില്‍ ഗ്വാളിയാറില്നിന്നുള്ള പ്രശസ്ത കലാകാരന്മാര് നയിക്കുന്ന ഹിന്ദുസ്ഥാനി കച്ചേരിയും സംഗീതോത്സവത്തിന് മാറ്റുകൂട്ടും. മൂന്ന് ദിവസങ്ങളിലും പ്രവേശനം സൗജന്യമായിരിക്കുമെന്നും ഏകത മസ്കത്ത് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ജോയന്റ് കണ്‍വീനര്‍ ബബിത, ജനറല്‍ സെക്രട്ടറി മുരളി കൃഷ്ണന്, മീഡിയ കോഓഡിനേറ്റര്‍ ഗിരീഷ്, ജോയന്റ് സെക്രട്ടറി മനോജ്, വൈസ് പ്രസിഡന്റ് വാസുദേവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.