യു.എ.ഇയിലേക്ക് റെയിൽപാത വഴി ചരക്ക് എത്തിക്കാൻ ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനിയും ജിൻഡാൽ കമ്പനിയും കരാറിൽ ഒപ്പുവെക്കുന്നു
മസ്കത്ത്: സുഹാറിലെ ജിൻഡാൽ സ്റ്റീൽ കോംപ്ലക്സിൽനിന്ന് യു.എ.ഇയിലേക്ക് റെയിൽപാത വഴി ചരക്കെത്തിക്കാൻ ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനിയും ജിൻഡാലുമായി ധാരണപത്രം ഒപ്പുവെച്ചു. ധാരണപ്രകാരം വർഷം 40 ലക്ഷം ടൺ അസംസ്കൃത വസ്തുക്കളും ഇരുമ്പ് ഉൽപന്നങ്ങളും സുഹാറിൽനിന്ന് യു.എ.ഇയിലേക്ക് റെയിൽ മാർഗം എത്തിക്കാൻ ജിൻഡാലിന് കഴിയും. ഇരുമ്പ് ഉൽപന്നങ്ങളുടെ കയറ്റിറക്ക് ജോലികൾക്കു വേണ്ട സാങ്കേതിക സഹായവും റെയിൽ കമ്പനി ചെയ്യും.
റോഡുമാർഗം ഇരുമ്പ് എത്തിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക ആഘാതം അടക്കമുള്ള പ്രശ്നങ്ങൾ പുതിയ സംവിധാനത്തിലൂടെ ഇല്ലാതാകുമെന്ന് അധികൃതർ അവകാശപ്പെട്ടു.കുറഞ്ഞ ചെലവിൽ അതിവേഗത്തിൽ കൂടുതൽ ചരക്ക് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ എത്തിക്കാൻ ഇതിലൂടെ കമ്പനിക്കു സാധിക്കും.
പ്രകൃതിസൗഹൃദ ഗതാഗത സംവിധാനവും ചരക്കുനീക്കവുമാണ് ഇതിലൂടെ ഒമാനും യു.എ.ഇയും ഉറപ്പുവരുത്തുന്നതെന്ന് റെയിൽ കമ്പനി അധികൃതർ പറഞ്ഞു. ലോകോത്തര കമ്പനികളുമായി ചരക്കു ഗതാഗതത്തിൽ ഒമാൻ-ഇത്തിഹാദ് റെയിൽ കമ്പനി കരാറിൽ ഏർപ്പെട്ടുതുടങ്ങിയിട്ടുണ്ട്.
സുഹാറിൽനിന്ന് യു.എ.ഇയിലെ അബൂദബിയുമായി ബന്ധിപ്പിക്കുന്ന റെയിൽ ശൃംഖല അഞ്ചു വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രവചിക്കപ്പെടുന്നത്. ഒമാൻ റെയിലും യു.എ.ഇയുടെ ഇത്തിഹാദ് റെയിൽ കമ്പനിയും സംയുക്തമായി ഇതിനായി ഒരുമിച്ച് പ്രവർത്തനം വേഗത്തിലായിട്ടുണ്ട്. മേഖലയിൽ വലിയതോതിലുള്ള ഗതാഗത രംഗത്തെ മാറ്റത്തിന് പാത കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സുഹാറിനും അബൂദബിക്കും ഇടയിൽ ബന്ധിപ്പിക്കുന്ന പാതയിൽ മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്നത് ചരക്ക് ഗതാഗതം അതിവേഗത്തിലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.