അലഞ്ഞുതിരിയുന്ന ഒട്ടകങ്ങളിലൊന്ന് (ഫയൽ)
മസ്കത്ത്: അലഞ്ഞുതിരിയുന്ന ഒട്ടകങ്ങളിലിടിച്ച് രാത്രിയിലുണ്ടാകുന്ന വാഹനാപകടങ്ങൾ കുറക്കാൻ വടക്കൻ ബാത്തിനയിൽ പദ്ധതിയുമായി കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം. ഇതിന്റെ ഭാഗമായി ഒട്ടകങ്ങളെ അണിയിക്കുന്നതിനായി ഉയർന്ന ദൃശ്യപരതയുള്ള സ്ട്രാപ്പുകളും പ്രതിഫലന കോളറുകളും നൽകും. ഗവർണറേറ്റിലെ ഒട്ടകങ്ങളിൽ ആകെ 10,656 റിഫ്ലക്ടിവ് സ്ട്രാപ്പുകൾ ഘടിപ്പിക്കുമെന്ന് വടക്കൻ ബാത്തിനയിലെ അഗ്രികൾച്ചർ, ഫിഷറീസ്, വാട്ടർ റിസോഴ്സസ് ഡയറക്ടർ ജനറൽ അബ്ദുല്ല മുഹമ്മദ് അൽ ഹദാബി അറിയിച്ചു. രാത്രിയിൽ വാഹനത്തിൽ വരുന്നവർക്ക് റോഡുകളിലെ ഒട്ടകങ്ങളുടെ സാന്നിധ്യത്തെ തിരിച്ചറിയാൻ ഈ സ്ട്രാപ്പുകൾ സഹായിക്കും.
വെള്ളവും ചൂടും പ്രതിരോധിക്കുന്നതിനാൽ ഈ സ്ട്രാപ്പുകൾ ദീർഘകാലം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒട്ടകത്തെ വളർത്തുന്നവർക്കിടയിൽ മന്ത്രാലയം രണ്ടാഴ്ചത്തെ ബോധവത്കരണ കാമ്പയിൻ നടത്തും. ഗവർണറേറ്റിൽ അലഞ്ഞുതിരിയുന്ന ഒട്ടകങ്ങളുടെ അപകടങ്ങളെക്കുറിച്ച് ബോധവത്കരിക്കാനും വാഹനാപകടങ്ങൾ കുറക്കാനുമാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം, 2021ൽ തെരുവ് ഒട്ടകങ്ങളുമായി വാഹനങ്ങൾ കൂട്ടിയിടിച്ച് 11 പേർ മരിക്കുകയും 45 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏറ്റവും കൂടുതൽ അപകടങ്ങൾ രേഖപ്പെടുത്തിയത് ദോഫാർ ഗവർണറേറ്റിലാണ്, 20 എണ്ണം.
ഒമാനിൽ 2,42,833 ഒട്ടകങ്ങളാണുള്ളത്. ഏറ്റവും കൂടുതൽ ഒട്ടകങ്ങളുള്ളത് ദോഫാറിലാണ് - 1,45,875, വടക്കൻ ശർഖിയ - 21,577. അലഞ്ഞുതിരിക്കുന്ന മൃഗങ്ങളുമായി ബന്ധപ്പെട്ട് അധികൃതർ 2021ൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് വഴിതെറ്റിപ്പോയതും ഉപേക്ഷിക്കപ്പെട്ടതുമായ മൃഗങ്ങളുടെ നിർവചനത്തിൽ ഒട്ടകങ്ങൾ, കുതിരകൾ, പശുക്കൾ, ആടുകൾ അല്ലെങ്കിൽ മേൽനോട്ടമില്ലാതെ അലഞ്ഞുതിരിയാൻ ഉടമ ഉപേക്ഷിച്ച മൃഗങ്ങളും ഉൾപ്പെടും. ഇങ്ങനെ പിടികൂടുന്ന ഓരോ ഒട്ടകത്തിനും കുതിരക്കും പശുവിനും പ്രതിദിനം 15 റിയാലും ആട് അല്ലെങ്കിൽ മറ്റേതെങ്കിലും മൃഗത്തിന് അഞ്ചും നിയമലംഘകരിൽനിന്ന് ബന്ധപ്പെട്ട മുനിസിപ്പാലിറ്റിക്ക് ഈടാക്കാവുന്നതാണ്. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.