മസ്കത്ത്: സലാല റൂട്ടിൽ ഖറൻ അൽ ആലമിൽ ബുധനാഴ്ച സന്ധ്യക്കുണ്ടായ ബസ് അപകടത്തിൽ മരിച്ചവരുടെ എണ്ണം എട്ടായി. 12 പേർ പരിക്കുകളോടെ ചികിത്സയിലാണ്. ഇവരിൽ നാലുപേരുടെ നില അതിഗുരുതരമാണ്. മറ്റ് എട്ടുപേർക്ക് കാര്യമായ പരിേക്കറ്റിട്ടുമുണ്ട്. 14 പേരെ ഡിസ്ചാർജ് ചെയ്തു. മരിച്ചവരിൽ ആറുപേരും യമനികളാണ്. ഇവരിൽ അഞ്ചുപേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. രണ്ടുപേർ യു.എ.ഇ സ്വദേശികളുമാണ്. കുടുംബത്തിലെ അഞ്ചംഗങ്ങളുടെ ജനാസ നമസ്കാരം ബഹ്ലയിലെ പള്ളിയിൽ വ്യാഴാഴ്ച രാത്രി നടന്നു.
ദുബൈയിൽനിന്ന് യമനിലേക്ക് പോവുകയായിരുന്ന അബൂഖാലിദ് ട്രാൻസ്പോർട്ട് കമ്പനിയുടെ ബസാണ് ട്രെയിലറുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ബസ് നിശ്ശേഷം തകർന്നു. ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ് അപകടമുണ്ടായത്. രാത്രി എട്ടുമണിയോടെയാണ് അപകടത്തിന് ഇരയായവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് ആരോഗ്യവകുപ്പ് അൽ വുസ്ത, ദാഖിലിയ ഗവർണറേറ്റുകളിൽ അടിയന്തര സംവിധാനങ്ങളെല്ലാം പ്രവർത്തനക്ഷമമാക്കിയിരുന്നു. ഹൈമയിലെ ആശുപത്രിയിലെ അധിക ജീവനക്കാരെയും വിന്യസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.