മസ്കത്ത്: രാജ്യത്തെ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനും തീവ്രവാദത്തിന് ധനസഹായം നൽകുന്ന സംഘങ്ങളെ പ്രതിരോധിക്കുന്നതിനുമായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നിയമം കർശനമാക്കി. മന്ത്രിതല തീരുമാനംവഴി പുറപ്പെടുവിച്ച പുതിയ മാർഗനിർദേശങ്ങൾപ്രകാരം കമ്പനിയുടെ ഓഹരികളിൽ കുറഞ്ഞത് 25 ശതമാനമെങ്കിലും കൈവശമുള്ള പങ്കാളികളുടെയോ ഓഹരി ഉടമകളുടെയോ ഡേറ്റ രേഖപ്പെടുത്തുന്ന ഗുണഭോക്തൃ രജിസ്റ്റർ ഉണ്ടാക്കാൻ നിയമം നിർദേശിക്കുന്നു. വാണിജ്യ കമ്പനികളുടെ ഈ രജിസ്റ്റർ പ്രകാരമുള്ള വ്യക്തികളാണ് യഥാർഥ ഗുണഭോക്താവായി നിർവചിക്കപ്പെടുക.
ബിസിനസ് മേഖലയിൽ സുതാര്യതയും എളുപ്പവും രൂപപ്പെടുത്തുന്നതിനായാണ് പുതിയ നിയമ പരിഷ്കരണം കൊണ്ടുവന്നിട്ടുള്ളത്.
കള്ളപ്പണം തടയുന്നത് ദേശീയ സമ്പദ്വ്യവസ്ഥയിൽ ആത്മവിശ്വാസം വർധിപ്പിക്കാനും ബിസിനസ്, നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ ഫണ്ടിങ്ങിനുമെതിരായ പോരാട്ടത്തിൽ അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന രീതിയിലാണ് നിയമം നിർമിച്ചിട്ടുള്ളത്.
ലോകത്തെ വിവിധ മുൻനിര രാജ്യങ്ങളെ മാതൃകയാക്കിയാണ് ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുള്ളത്. കള്ളപ്പണ ലോബികളെ നിയന്ത്രിക്കുന്നതിലൂടെ സുതാര്യമായ ബിസിനസ്-സാമ്പത്തിക അന്തരീക്ഷമാണ് അധികൃതർ ലക്ഷ്യംവെക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ തടയുന്നതിനായി 2020ൽ പ്രത്യേക വകുപ്പ് രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചിരുന്നു.
ഒമാനിലേക്ക് പുതിയ നിക്ഷേപകരെ ആകർഷിക്കുന്നതിന്റെ ഭാഗമായി, രാജ്യത്ത് കൃത്യമായ നിയമനടപടികളും കാര്യനിര്‍വഹണവും നടപ്പാക്കുന്നതിനാണ് വകുപ്പ് രൂപപ്പെടുത്തിയത്. നിയമം ശക്തമാക്കുന്നതിനൊപ്പം നടപടികളും കടുപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.