ബുറൈമി: പ്രമേഹ ബാധയെ തുടർന്ന് വലതുകാൽ മുഴുവനുമായി മുറിച്ചുകളഞ്ഞതിനെ തുടർന്ന് ദുരിതത്തിലായിരുന്ന ബംഗ്ലാദേശ് സ്വദേശി ബിമൽ ചക്രബർത്തി (41) നാട്ടിലേക്ക് മടങ്ങി. ചൊവ്വാഴ്ച പുലർച്ചെ അഞ്ചരക്ക് ധാക്കയിലേക്കുള്ള വിമാനത്തിലാണ് മടങ്ങിയത്. പ്രമേഹത്തെ തുടർന്ന് കഴിഞ്ഞ മാസമാണ് അദ്ദേഹത്തെ ബുറൈമി ആശുപത്രിയിൽ പ്രവേശിപ്പിച്ചതും കാൽ മുറിച്ചതും. ചികിത്സ ചെലവിന് വേണ്ടി ഇദ്ദേഹം പാസ്പോർട്ട് പണയം വെച്ച് വലിയ തുക കടം വാങ്ങിയിരുന്നു. ചിലർ ചികിത്സ വേളയിൽ ഇദ്ദേഹത്തെ സഹായിച്ചിരുന്നു. പാസ്പോർട്ട് തിരിച്ചെടുപ്പിക്കുന്നതിന് ഒപ്പം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കുമായി ബുറൈമിയിലെ സാമൂഹിക പ്രവർത്തകരായ സൈഫുദ്ദീൻ മാള, മുനീർ, അഫ്സൽ ത്വയ്യിബ എന്നിവരാണ് മുന്നിട്ടിറങ്ങിയത്. ഗൾഫ് മാധ്യമത്തിൽ ഇതേ കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ബുറൈമിയിലെ സുമനസുകളുടെ സഹായത്തോടെ കടങ്ങൾ വീട്ടി പാസ്പോർട്ട് തിരികെ വാങ്ങുകയും ബംഗ്ലാദേശ് എംബസിയുടെ സഹായത്തോടെ ചാർേട്ടഡ് വിമാനത്തിൽ ടിക്കറ്റ് ശരിപ്പെടുത്തുകയുമായിരുന്നു. യാത്രക്ക് മുന്നോടിയായി സുഹാറിൽ കൊണ്ടുപോയി കോവിഡ് ടെസ്റ്റ് നടത്തി. ബംഗ്ലാദേശ് എംബസി ഓണററി കോൺസുലാർ ഖമറുലിെൻറ സഹായത്തോടെയാണ് യാത്ര രേഖകൾ ശരിയാക്കിയത്. ബിമലിന് നൽകിയ യാത്രയയപ്പിൽ വിവിധ സാമൂഹിക സംഘടനകളെ പ്രധിനിധീകരിച്ച് അഫ്സൽ ത്വയ്യിബ, അബ്ദുൽകരീം, നഹാസ് മുക്കം എന്നിവർ ഉപഹാരങ്ങൾ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.