മസ്കത്ത്: ഡിജിറ്റൽ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്താനും ടൂറിസം, വ്യാപാരം എന്നിവക്ക് പുതിയ ഉണർവേകാനും ലക്ഷ്യമിട്ട് , ഗൂഗ്ളിന്റെ സഹകരണത്തോടെ ഗൂഗ്ൾ സ്ട്രീറ്റ് വ്യൂ പദ്ധതിയുടെ രണ്ടാം ഘട്ടം ഒമാൻ ആരംഭിച്ചു. ഗതാഗത, വാർത്താവിർത്താവിനിമയ, വിവരസാങ്കേതിക വിദ്യ മന്ത്രാലയം (എം.ടി.സി.ഐ.ടി), നാഷനൽ സർവേ ആൻഡ് ജിയോസ്പേഷ്യൽ ഇൻഫർമേഷൻ അതോറിറ്റി എന്നിവയുടെ സഹകരണത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ഈ ഘട്ടത്തോടെ, ഒമാനിനകത്തും പുറത്തുമുള്ള ഉപയോക്താക്കൾക്ക് ഗൂഗ്ൾ മാപ്സ് വഴി 360 ഡിഗ്രി പനോരമിക് ദൃശ്യങ്ങൾ ഉപയോഗിച്ച് രാജ്യത്തിന്റെ പ്രകൃതിദൃശ്യങ്ങൾ, ചരിത്ര സ്മാരകങ്ങൾ, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കാണാനാവും.
ഗൂഗ്ൾ മാപ്സ് ആപ്പിൽ നടത്തിയ വെർച്വൽ ആക്ടിവേഷൻ മുഖേന ആരംഭിച്ച പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ, വടക്കൻ മുസന്ദം മുതൽ തെക്കൻ ദോഫാർ വരെ എല്ലാ ഗവർണറേറ്റുകളിലേക്കും കവറേജ് വ്യാപിപ്പിക്കും. ആദ്യ ഘട്ടത്തിൽ ഉൾപ്പെടാതിരുന്ന പുതിയ പാതകളും പ്രധാന കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടുത്തിയതായി മന്ത്രാലയം വ്യക്തമാക്കി.
ഗൂഗ്ൾ വികസിപ്പിച്ച പ്രത്യേക ‘ട്രെക്കർ’ ഉപകരണങ്ങൾ ഉപയോഗിച്ചാണ് ചിത്രീകരണം നടത്തിയതെന്ന് അധികൃതർ അറിയിച്ചു. 2025-ൽ, ഈ ഘട്ടത്തിൽ 27,000 കിലോമീറ്റർ പുതിയ കവറേജ് ലക്ഷ്യമിടുന്നതായി മന്ത്രാലയം വ്യക്തമാക്കി. ലൊക്കേഷൻ-ബേസ്ഡ് ഡിജിറ്റൽ സേവനങ്ങളിലേക്കുള്ള പ്രവേശനം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ, യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഖോർ റൊറി ഉൾപ്പെടെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഏകദേശം 36,000 കിലോമീറ്റർ കവറേജ് കൈവരിച്ചു. രണ്ടാം ഘട്ടം പൂർത്തിയായതോടെ, ആകെ സ്ട്രീറ്റ് വ്യൂ കവറേജ് ഏകദേശം 63,000 കിലോമീറ്ററായി ഉയർന്നതായി മന്ത്രാലയം അറിയിച്ചു. മുമ്പ് ഉൾപ്പെടുത്തിയ പാതകൾ അപ്ഡേറ്റ് ചെയ്യുന്നതിനും ഒമാനിലെ മാറിവരുന്ന ഭൂപ്രകൃതിയും അടിസ്ഥാന സൗകര്യങ്ങളും പ്രതിഫലിപ്പിക്കുന്ന പുതിയ ദൃശ്യങ്ങൾ നൽകുന്നതിനുമായി മൂന്നാം ഘട്ടം 2026ൽ ആരംഭിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.