മസ്കത്ത്: തെക്കൻ ബാത്തിന ഗവർണറേറ്റിലെ ജഅലാൻ ബാനി ബൂഅലി വിലായത്തിൽ നടന്ന അൽ അഷ്ഖറ ഫെസ്റ്റിവലിന് തിരശ്ശീല വീണു. ജൂലൈ അഞ്ചു മുതൽ 24 വരെ നടന്ന പരിപാടിയിൽ 2,20,000 പേർ എത്തിയതായി സംഘാടകർ അറിയിച്ചു. പൈതൃക വിനോദസഞ്ചാര മന്ത്രാലയം തെക്കൻ ശർഖിയ ഗവർണറുടെ ഓഫിസുമായി സഹകരിച്ചായിരുന്നു പരിപാടികൾ ഒരുക്കിയിരിക്കുന്നത്.
പൈതൃകം, വിനോദം, വിനോദസഞ്ചാരം, സംസ്കാരം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട 40 പരിപാടികളും പ്രവർത്തനങ്ങളുമായിരുന്നു ഫെസ്റ്റിവലിൽ അരങ്ങേറിയത്. സ്വദേശികളും വിദേശികളുമുൾപ്പെടെ ആയിരക്കണക്കിന് സന്ദർശകരായിരുന്നു ഓരോ ദിനവും ഫെസ്റ്റിവൽ നഗരിയിലേക്ക് ഒഴുകിയത്. വിവിധ സാമ്പത്തിക, സാമൂഹിക ലക്ഷ്യങ്ങൾ കൈവരിക്കാൻ ലക്ഷ്യമിട്ട് വിനോദ, പ്രോത്സാഹന, സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചിരുന്നു.
വിനോദസഞ്ചാര കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുക, ആഭ്യന്തര വിനോദസഞ്ചാരത്തെ പിന്തുണക്കുക തുടങ്ങിയവയാണ് ഉത്സവത്തിന്റെ ലക്ഷ്യം.
ഗവർണറേറ്റിലെ പുരാവസ്തു-സാംസ്കാരിക സ്ഥലങ്ങൾ സന്ദർശകർക്ക് പ്രദർശിപ്പിക്കുന്നതിനുള്ള അവസരമായി ഫെസ്റ്റിവൽ മാറുകയും ചെയ്തു. അൽ കാമിൽ വ അൽ വാഫി, റാസൽ ഹദ്ദ്, സൂർ എന്നീ വിലായത്തുകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഫെസ്റ്റിവലിന്റെ പരിപാടികൾ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.