മസ്കത്ത്: കൃത്രിമ മഴ പെയ്യിക്കൽ പദ്ധതി വഴി ഒമാനിൽ ലഭിച്ച മഴയുടെ അളവിൽ 13.6 ശതമാനം വർധനവ്. സുൽത്താനേറ്റിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച 14 അയോണൈസേഷൻ കേന്ദ്രങ്ങളുടെ ശൃംഖല വഴിയാണ് ഈ നേട്ടം കൈവരിച്ചതെന്ന് ഒമാൻ കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. പരിസ്ഥിതിക്ക് ദോഷകരമായ രാസവസ്തുക്കളൊന്നും ഉപയോഗിക്കാതെ, മേഘങ്ങളുടെ വികാസത്തെ ഉത്തേജിപ്പിക്കുന്ന ‘അയോണിക് സാങ്കേതികവിദ്യ’ അടിസ്ഥാനമാക്കിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
അന്തരീക്ഷത്തിലേക്ക് നെഗറ്റീവ് അയോണുകൾ കടത്തിവിട്ട്, അവ ജലബാഷ്പ കണങ്ങളുമായി പ്രതിപ്രവർത്തിച്ച് മേഘങ്ങളുടെ സാന്ദ്രതയും വലിപ്പവും വർധിപ്പിച്ചാണ് കൃത്രിമമായി മഴ പെയ്യിക്കുന്നത്. പ്രകൃതിദത്തമായ ഈ രീതി അന്തരീക്ഷത്തിലെ ഈർപ്പത്തെ മാത്രം ആശ്രയിക്കുന്നതിനാൽ കാലാവസ്ഥയെ ദോഷകരമായി ബാധിക്കില്ലെന്നും പൊടിപടലങ്ങൾ കുറച്ച് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ജബൽ അഖ്ദർ, വാദി ബനി ഔഫ്, വാദി അൽ ജിസി, ലിവ, സുഹാർ, ഖാബൂറ, ജബൽ ഹഫീത് തുടങ്ങിയ തന്ത്രപ്രധാനമായ 14 സ്ഥലങ്ങളിലാണ് നിലവിൽ ഈ സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ളത്. വടക്കുഭാഗത്തേക്ക് 75 കിലോമീറ്ററും തെക്കുഭാഗത്തേക്ക് 30 കിലോമീറ്ററും പരിധിയിൽ പ്രവർത്തനക്ഷമതയുള്ളതാണ് ഈ അത്യാധുനിക അയോണൈസേഷൻ കേന്ദ്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.