ബലിപെരുന്നാൾ ആഘോഷ നിറവിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് സുഹാറിൽ പെരുന്നാൾ നമസ്കാരം നിർവഹിച്ചു

മസ്കത്ത്: ആത്മീയതയുടെയും ഒരുമയുടെയും ആഘോഷപ്പൊലിമയുടെയും അന്തരീക്ഷത്തിൽ ഒമാനിലുടനീളം പെരുന്നാൾ നമസ്കാരങ്ങൾ നടന്നു. സുൽത്താൻ ഹൈതം ബിൻ താരിഖ് വടക്കൻ അൽ ബാത്തിന ഗവർണറേറ്റിലെ സുഹാർ വിലായത്തിലെ സുൽത്താൻ ഖാബൂസ് മസ്ജിദിൽ പെരുന്നാൾ നമസ്കാരം നിർവഹിച്ചു.

പുണ്യദിനം ആഘോഷിക്കുന്നതിനും സീൽത്താനെ കാണാനുമായി വൻ ജനവലിയാണ് മസ്ജിദിൽ ഒത്തുകൂടിയത്. പ്രമുഖ വ്യക്തികളും ഒമാനി പൗരന്മാരും സുൽത്താനൊപ്പം നമസ്കാരത്തിൽ പങ്കെടുത്തു. മസ്ജിദിൽ നിന്നും പുറത്തേക്കെഴുന്നള്ളിയ സുൽത്താൻ ഹൈതം ബിൻ താരിഖിന് ആദരവർപ്പിച്ച് പീരങ്കികൾ 21 തവണ ആചാരവെടി ഉതിർത്തു.

തുടർന്ന്, പാതയുടെ ഇരുവശങ്ങളിലും തടിച്ചുകൂടിയ ജനങ്ങളുടെ ഈദ് ആശംസകൾ സുൽത്താൻ സ്വീകരിക്കുകയും അവരെ കൈവീശി അഭിവാദ്യം ചെയ്യുകയും ചെയ്തു. ബലിപെരുന്നാളിന്റെ ആഹ്ലാദവും സന്തോഷവും നിറഞ്ഞ അന്തരീക്ഷത്തിൽ, രാജ്യത്തോടും ഭരണാധികാരിയോടുമുള്ള അചഞ്ചലമായ സ്നേഹം പ്രകടിപ്പിച്ചാണ് ഒമാനി ജനത സുൽത്താനെ വരവേറ്റത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മസ്ജിദുകളിൽ പുലർച്ചെ മുതൽ തന്നെ വിശ്വാസികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടു.

 

സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സന്ദേശങ്ങൾ കൈമാറി വിശ്വാസികൾ പെരുന്നാളിനെ വരവേറ്റു. പെരുന്നാൾ നമസ്കാരത്തിന് ശേഷം ബന്ധുവീടുകൾ സന്ദർശിക്കാനും സുഹൃത്തുക്കളെ കാണാനുമുള്ള തിരക്കിലായിരുന്നു ജനങ്ങൾ. പരമ്പരാഗത ഒമാനി വിഭവങ്ങൾ ഒരുക്കിയും മധുരം പങ്കുവെച്ചും ഒമാൻ ജനത ഈദ് ആഘോഷമാക്കി. ഔദ്യോഗിക അവധി പ്രമാണിച്ച് മസ്‌കത്ത്, ജബൽ അഖ്ദർ, സലാല തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും പാർക്കുകളിലും തിരക്കാണ് അനുഭവപ്പെട്ടു തുടങ്ങി.

തദ്ദേശീയരും പ്രവാസികളും ഉൾപ്പെടെ നിരവധി പേരാണ് അവധി ആഘോഷിക്കാൻ ഈ കേന്ദ്രങ്ങളിൽ എത്തുന്നത്. പരസ്പര സ്നേഹത്തിന്റെയും ത്യാഗസ്മരണകളുടെയും സന്ദേശം വിളിച്ചോതിക്കൊണ്ട് രാജ്യത്തെ പ്രവാസി സമൂഹവും വിപുലമായ രീതിയിലാണ് ബലിപെരുന്നാൾ ആഘോഷിക്കുന്നത്.

Tags:    
News Summary - Amidst Eid al-Adha celebrations, Oman's Sultan Haitham bin Tarik performed the Eid prayers in Sohar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.