എയർ ഇന്ത്യ എക്സ്പ്രസിനോട് പ്രവാസികള്‍ ‘ടാറ്റ’ പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മുന്‍കൂട്ടി കാശ് നല്‍കി മാസങ്ങള്‍ക്ക് മുമ്പേ ടിക്കറ്റ് എടുത്ത് യാത്രാ ഒരുക്കങ്ങള്‍ നടത്തിക്കഴിഞ്ഞ യാത്രക്കാരെ യാതൊരു തത്വദീക്ഷയോ, ധാർമികതയോ മരുന്നിന് പോലും കാണിക്കാതെ ഇരുട്ടടി നല്‍കി പെരുവഴിയിലാക്കിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ചുരുങ്ങിയ സമയത്തെ ലീവിന് പോകുന്നവരും ഫാമിലി റൂം വെക്കേറ്റ് ചെയ്ത് കൈമാറി പോകുന്നവരും അടങ്ങിയ നൂറുക്കണക്കിന് യാത്രക്കാരെയാണ് പൊടുന്നനെ എക്സ്പ്രസ്സ് കയറില്ലാതെ കെട്ടിയിട്ടിരിക്കുന്നത്.
വൈകിപ്പറക്കലും യാത്രാ ദിവസം മാറ്റലും പൈലറ്റ് മാരുടെ മിന്നല്‍ സമരവുമൊക്കെയാണ് എക്സ്പ്രസിന്‍റെ പതിവ് കലാപരിപാടികൾ. എന്താണ് കാരണമെന്ന് പറയാതെ പൊടുന്നനെ റദ്ദാക്കിയതാണ് ഒടുവിലത്തെ സംഭവം. പ്രവാസികളോട് കാലാകാലങ്ങളായി ഒരുപാടൊരുപാട് നെറികേടുകള്‍ കാണിച്ചു കൊണ്ടിരിക്കുന്നവരാണ് ഈ വിമാന കമ്പനിയുടെ നടത്തിപ്പുകാര്‍. നേരത്തെ സര്‍ക്കാറിന്‍റെ ഉടമസ്ഥതയിലാരിക്കുമ്പോള്‍ നഷ്ടക്കണക്ക് പറഞ്ഞുള്ള കളികൾ കുറേ കണ്ട് മടുത്തതാണ് പ്രവാസികൾ. കേന്ദ്ര സര്‍ക്കാറിന് പ്രവാസികള്‍ കേവലം കറവപ്പശുക്കള്‍ മാത്രമാണ്. അതുകൊണ്ട് തന്നെ വിമാന കമ്പനികള്‍ പലപ്പോഴും പ്രവാസികളെ പിഴിയുമ്പോള്‍ സര്‍ക്കാര്‍ ഇടപെടാറേയില്ല.
വ്യോമയാന വകുപ്പ് മന്ത്രിയൊന്നും ഇക്കാര്യത്തിൽ ഇടപെടുന്നേയില്ല. സീസന്‍ നോക്കി കഴുത്തറുപ്പന്‍ വിലക്കയറ്റം നടത്തുമ്പോള്‍ പോലും മന്ത്രിയും സര്‍ക്കാറും നോക്കുകുത്തിയായി ഇരിക്കുന്നതായാണ് കാണാറുള്ളത്. വിമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളപ്പോള്‍ ഇടപെടാത്ത സര്‍ക്കാര്‍ സ്വന്തക്കാരായ ടാറ്റാ കമ്പനി നിയന്ത്രിക്കുമ്പോള്‍ ഇടപെടുമെന്ന് പ്രതീക്ഷിക്കാന്‍ വകയില്ലാലോ!
കാരണം ഇലക്ടറല്‍ ബോണ്ട് വഴി കോടികളാണല്ലോ ബി.ജെ.പി അക്കൗണ്ടിലേക്ക് വരവ് വെക്കാറുള്ളത്. രാജ്യത്തിന്‍റെ പേരില്‍ സ്വന്തമായി വിമാന കമ്പനി ഇല്ലാത്ത ലോകത്തിലെ ഒരേയൊരു രാജ്യമാണ് നമ്മുടെ മഹാഭാരതം എന്ന റെക്കോർഡ് സ്വന്തമാക്കിയാണ് മോദിജി പേഴ്സണൽ വിമാനത്തില്‍ ലോകം ചുറ്റി വിശ്വഗുരു ആകാറുള്ളത് എന്നതാണ് മറ്റൊരു വിരോധാഭാസം!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.