മസ്കത്ത്: സലാല റോഡിൽ ഹൈമക്കടുത്ത് തിങ്കളാഴ്ച രാത്രി വാഹനങ്ങൾ കൂട്ടിയിടിച്ചു കത്തിയുണ്ടായ അപകടത്തിൽ മരിച്ചവരിൽ നാലുപേർ ഇന്ത്യക്കാർ. രണ്ടുപേർ യു.എ.ഇ സ്വദേശികളുമാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. ഏതു സംസ്ഥാനത്തുനിന്നുള്ളവരാണ് ഇവരെന്ന കാര്യം വ്യക്തമായിട്ടില്ല.
വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ച് വൈകാതെ കത്തുകയായിരുന്നു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ അവസ്ഥയിലായതിനാൽ ആദ്യം അപകടത്തിൽപെട്ടവരെ തിരിച്ചറിഞ്ഞിരുന്നില്ല.
ഹൈമയിൽനിന്ന് 20 കിലോമീറ്റർ അകലെ ബഹ്ജയിലാണ് അപകടം നടന്നത്. സലാലയിൽനിന്ന് തിരികെ വരുകയായിരുന്ന ദുബൈ രജിസ്ട്രേഷൻ വാഹനവും സലാലയിലേക്ക് പോവുകയായിരുന്ന വണ്ടിയുമാണ് കൂട്ടിയിടിച്ചത്. ദുബൈ വാഹനത്തിൽ രണ്ടുപേരും സലാലയിലേക്ക് പോവുകയായിരുന്ന വാഹനത്തിൽ നാലുപേരുമാണ് ഉണ്ടായിരുന്നത്. ഹൈമ ആശുപത്രിയിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ളത്.
മസ്കത്ത് സലാല റോഡിലെ അപകട സാധ്യതയേറിയ ഭാഗമാണ് ഹൈമ ഉൾക്കൊള്ളുന്ന ആദം-തുംറൈത്ത് ഹൈവേ. ആഗസ്റ്റിൽ ഇൗ റോഡിൽ നടക്കുന്ന നാലാമത്തെ വലിയ അപകടമാണ് തിങ്കളാഴ്ചത്തേത്. ഇൗ നാലു അപകടങ്ങളിലുമായി മൊത്തം 22 പേരാണ് മരണപ്പെട്ടത്. ആഗസ്റ്റ് മൂന്നിന് അൽ സമാഇൗമിൽ ട്രെയിലറും ഫോർ വീൽ വാഹനവും കൂട്ടിയിടിച്ച് നാലു യു.എ.ഇ സ്വദേശികൾ മരിച്ചിരുന്നു. 14ന് ഹൈമയിൽനിന്ന് 40 കിലോമീറ്റർ അകലെ ട്രെയിലറും മൂന്നു വാഹനങ്ങളും കൂട്ടിയിടിച്ച് ഏഴു സൗദി സ്വദേശികളും മരിച്ചു. കഴിഞ്ഞ 18ന് അൽ സമാഇൗമിലുണ്ടായ അപകടത്തിൽ മരിച്ചത് അഞ്ചു സ്വദേശികളാണ്. ഖരീഫ് സഞ്ചാരികൾ ഏറ്റവുമധികം എത്തുന്ന മാസമാണ് ആഗസ്റ്റ്. കഴിഞ്ഞവർഷം ആഗസ്റ്റിലും ആദം-തുംറൈത്ത് ഹൈവേയിൽ നിരവധി അപകടങ്ങൾ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.