നിര്‍മാണ മേഖലയില്‍ പൊതു വിസ വേണമെന്ന ആവശ്യമുയരുന്നു

മസ്കത്ത്: നിര്‍മാണ മേഖലയില്‍ നിലവില്‍ അനുഭവപ്പെടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായി  ജീവനക്കാര്‍ക്ക് പൊതുവിസ നല്‍കണമെന്ന് ഒമാനിലെ കെട്ടിട നിര്‍മാതാക്കള്‍ ആവശ്യമുന്നയിച്ചു. ഈ ആവശ്യമുന്നയിച്ച് മാനവ വിഭവശേഷി മന്ത്രാലയത്തെ സമീപിച്ചതായി ഒമാന്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റി അധികൃതര്‍ പറയുന്നു. 
പ്രത്യേക വിഭാഗത്തിന് പ്രത്യേക വിസയെന്ന നിലവിലെ സമ്പ്രദായം മാറ്റി നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം ഒറ്റവിഭാഗം വിസ നല്‍കണമെന്നാണ് കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നത്. ഈ ആവശ്യം ഉടന്‍തന്നെ പരിഗണിക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്ന് നിര്‍മാണ കമ്പനി ഉടമകള്‍ പറഞ്ഞു. നിലവില്‍ ആശാരിക്കും പടവുകാരനും മെക്കാനിക്കിനുമൊക്കെ പ്രത്യേകം പ്രത്യേകം വിസകളാണ്. ഇത് നിരവധി പ്രതിസന്ധികളുണ്ടാക്കുന്നുണ്ട്. 
വിസ ക്ളിയറന്‍സില്‍ രേഖപ്പെടുത്തിയ ജോലി മാത്രമാണ്  നിലവിലെ തൊഴില്‍ നിയമ പ്രകാരം ചെയ്യാന്‍ കഴിയുന്നത്. തൊഴില്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയതല്ലാത്ത ജോലികള്‍ ചെയ്യുന്നത് ശിക്ഷാര്‍ഹവുമാണ്. പൊതുവിസ അനുവദിക്കുന്നതോടെ നിര്‍മാണ മേഖലയിലെ എല്ലാ ജോലിയും എല്ലാവര്‍ക്കും ചെയ്യാന്‍ കഴിയും. ഇതോടെ നിശ്ചിത ജോലിക്ക് പ്രത്യേക തൊഴിലാളികളെ നിയമിക്കുന്നത് വഴിയുണ്ടാവുന്ന നഷ്ടം ഒഴിവാക്കാന്‍ കഴിയുമെന്നും കമ്പനി ഉടമകള്‍ പറയുന്നു. പൊതുവിസ അനുവദിക്കുന്നത് ഒമാന്‍ തൊഴില്‍ നിയമത്തിന്‍െറ ലംഘനമാവില്ളെന്നാണ് കമ്പനി ഉടമകള്‍ പറയുന്നത്. നിരവധി നിര്‍മാണ കമ്പനികള്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയാണ്. പുതിയ വിസ നിലവില്‍ വരുന്നതോടെ വ്യത്യസ്ത കഴിവുള്ളവരെ ജോലിക്ക് നിയമിക്കാന്‍ കഴിയുമെന്നും ഇവരെക്കൊണ്ട് വ്യത്യസ്ത ജോലികള്‍ ചെയ്യിക്കാന്‍ കഴിയുമെന്നും കോണ്‍ട്രാക്ടര്‍മാര്‍ പറയുന്നു. എണ്ണവില കുറഞ്ഞത് മൂലം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ നിര്‍മാണ മേഖലയെയാണ് ഏറ്റവും കുടുതല്‍ ബാധിച്ചത്. സാമ്പത്തിക പ്രതിസന്ധി വന്നതോടെ പുതിയ നിര്‍മാണ പദ്ധതികള്‍ വളരെ കുറച്ച് മാത്രമാണുള്ളത്. 
ആരംഭിച്ച പദ്ധതികള്‍ പോലും പലര്‍ക്കും പൂര്‍ത്തീകരിക്കാന്‍ കഴിയുന്നില്ല. അതിനാല്‍ പല നിര്‍മാണ കമ്പനികളും സാമ്പത്തിക പ്രതിസന്ധിയിലാണ്. പുതിയ പദ്ധതികള്‍ കിട്ടാതെ വന്നതോടെ നിരവധി കമ്പനികള്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാതെ വിഷമിക്കുന്നുണ്ട്. ചിലത് അടച്ചുപൂട്ടല്‍ ഭീഷണിയിലുമാണ്. നിലവിലെ അവസ്ഥക്ക് ഒരു പരിധിവരെ പരിഹാരം കാണാന്‍ പൊതുവിസക്കാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിര്‍മാണ മേഖലയില്‍ 6,81,590  വിദേശികളും 55,124 സ്വദേശികളും സേവനമനുഷ്ഠിക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ മേഖല കൂടിയാണിത്. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.