??? ?????????? ??????.... ?????????? ?????????? ???????? ?????????? ?????????? ?????

ഇന്നുമുതല്‍ ഇന്ധനം ചെലവേറും; റഗുലര്‍ പെട്രോളിന് 170 ബൈസ

മസ്കത്ത്:  ഇന്ധനവിലയില്‍ ഇന്നുമുതല്‍  വന്‍ വര്‍ധന. അന്താരാഷ്ട്ര വിപണിക്കനുസരിച്ചുള്ള പുനര്‍നിര്‍ണയത്തില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനയുണ്ടാകുമെന്ന്  എണ്ണ, പ്രകൃതിവാതക മന്ത്രാലയം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. റഗുലര്‍ പെട്രോള്‍ ലിറ്ററിന് 21 ബൈസയും സൂപ്പര്‍ പെട്രോള്‍ 19 ബൈസയുമാണ് കഴിഞ്ഞ മാസത്തെ വിലയില്‍നിന്ന് വര്‍ധിക്കുക. ഡീസല്‍ വിലയും ലിറ്ററിന് 19 ബൈസ വര്‍ധിക്കും.  റഗുലര്‍ പെട്രോള്‍ ലിറ്ററിന് 170 ബൈസയാണ് പുതുക്കിയ വില. കഴിഞ്ഞ മാസം ഇത് 149 ബൈസയായിരുന്നു.
സൂപ്പര്‍ പെട്രോള്‍ വില 161 ബൈസയില്‍നിന്ന് 180 ബൈസയായും ഡീസല്‍ വില 166 ബൈസയില്‍നിന്ന് 185 ബൈസയായും ഉയര്‍ന്നു. കാറുകള്‍ക്ക് ഇനി ഫുള്‍ ടാങ്ക് അടിക്കണമെങ്കില്‍ ശരാശരി ഒരു റിയാലോളം അധികമായി നല്‍കേണ്ടിവരും. എണ്ണവിലയിടിവിനെ തുടര്‍ന്നുള്ള ചെലവുചുരുക്കലിന്‍െറ ഭാഗമായി കഴിഞ്ഞ ജനുവരിയിലാണ് ഒമാന്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിയന്ത്രണാധികാരം വിപണിക്ക് വിട്ടുനല്‍കിയത്.  ജനുവരിയില്‍ വര്‍ധിപ്പിച്ചെങ്കിലും ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പെട്രോള്‍ വിലയില്‍ ചെറിയ കുറവ് വരുത്തിയിരുന്നു. ഫെബ്രുവരിയില്‍ സൂപ്പര്‍ പെട്രോള്‍ ലിറ്ററിന് 153 ബൈസയും മാര്‍ച്ചില്‍ 145 ബൈസയുമായിരുന്നു നിരക്ക്. റഗുലര്‍ പെട്രോളിനാകട്ടെ ഫെബ്രുവരിയില്‍ 137 ബൈസയും മാര്‍ച്ചില്‍ 130 ബൈസയുമാണ് ചുമത്തിയത്. ഡീസലിന് ഫെബ്രുവരിയിലും മാര്‍ച്ചിലും 146 ബൈസ വീതമാണ് ഈടാക്കിയത്. ഏപ്രില്‍, മേയ് മാസങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്തത്. വിലയിലെ അന്തരം നിമിത്തം റഗുലര്‍ പെട്രോളിന് ആവശ്യക്കാര്‍ വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷത്തെ ആദ്യപാദത്തെ കണക്കനുസരിച്ച് റഗുലര്‍ പെട്രോളിന് മൂന്നിരട്ടി ആവശ്യക്കാരാണുണ്ടായത്. സൂപ്പര്‍ പെട്രോളിന്‍െറയും ഡീസലിന്‍െറയും വില്‍പന കുറഞ്ഞതായും കണക്കുകള്‍ പറയുന്നു.  റഗുലര്‍ പെട്രോള്‍ ഉപയോഗം വാഹനത്തിനൊപ്പം പരിസ്ഥിതിക്കും ദോഷകരമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ധന സബ്സിഡി ഒഴിവാക്കുകയാണ് വില നിയന്ത്രണം വിപണിക്ക് വിട്ടുനല്‍കിയതിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം 580 ദശലക്ഷം റിയാലാണ് സര്‍ക്കാര്‍ ഇന്ധന സബ്സിഡിയായി നല്‍കിയത്. സബ്സിഡി ഭാരം ഇല്ലാതാകുന്നത് ബജറ്റ് കമ്മി കുറക്കാര്‍ സര്‍ക്കാറിന് സഹായകമാകും. ഡീസല്‍ വിലയില്‍ മൂന്നാം മാസവും വര്‍ധനയുണ്ടായത് വിപണിയില്‍ പ്രതിഫലിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭക്ഷ്യ ഉല്‍പന്നങ്ങളടക്കമുള്ളവയുടെ ഗതാഗതം ട്രെയിലറുകള്‍ വഴിയാണ്. ഇവയില്‍ ഡീസലാണ് ഉപയോഗിക്കുന്നത്.
കഴിഞ്ഞ മാസം ഡീസല്‍ വില കൂടിയതിനെ തുടര്‍ന്ന് ട്രെയിലര്‍ വാടക 20 ശതമാനത്തോളം വര്‍ധിച്ചതായി പ്രമുഖ പഴം- പച്ചക്കറി വിപണന സ്ഥാപനമായ സുഹൂല്‍ അല്‍ ഫൈഹ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ വാഹിദ് പറഞ്ഞു. ദുബൈയില്‍ നിന്നുള്ള ട്രെയിലര്‍ വാടക 200 റിയാലില്‍ നിന്ന് 220 ആയും സൊഹാറില്‍ നിന്നുള്ളത് നൂറില്‍ നിന്ന് 120 റിയാലായും വര്‍ധിച്ചു. ചില്ലറ വിപണിയിലാകും ഇന്ധന വിലവര്‍ധന കൂടുതലായി പ്രതിഫലിക്കുക. റമദാനില്‍ പഴം-പച്ചക്കറി വിലയില്‍ വര്‍ധനയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.