നിയമ ഭേദഗതിയെ സ്വാഗതം  ചെയ്ത് ഒമാന്‍ ജനത

മസ്കത്ത്: ഗതാഗത നിയമ ഭേദഗതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയ ചര്‍ച്ചകള്‍ക്ക് ഇടമൊരുക്കുന്നു. സുരക്ഷിത ഡ്രൈവിങ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാറിന്‍െറയും റോയല്‍ ഒമാന്‍ പൊലീസിന്‍െറയും ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണെന്ന് വിദഗ്ധരും സ്വദേശികളും വിദേശികളും അഭിപ്രായപ്പെട്ടു. കനത്ത പിഴയും തടവ് ശിക്ഷയും കഠിനമാണെന്ന് തോന്നാമെങ്കിലും റോഡുകളില്‍ ചോര വീഴാതിരിക്കാന്‍ അത് അത്യാവശ്യമാണ്. മഴയുള്ള സമയത്തും മറ്റും മുന്നറിയിപ്പുകള്‍ അവഗണിച്ച് വാദികള്‍ മുറിച്ചുകടക്കുന്നവര്‍ക്ക് മൂന്നുമാസം വരെ തടവും അഞ്ഞൂറ് റിയാല്‍ പിഴയുമാണ് ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്. മുന്നറിയിപ്പുകള്‍ കണക്കിലെടുക്കാതെ വാദികള്‍ മുറിച്ചുകടക്കുന്നത് വഴി നിരവധി അപകടങ്ങളാണ് ഒമാന്‍െറ വിവിധ ഭാഗങ്ങളിലുണ്ടായിട്ടുള്ളത്. വാഹനം ഒഴുക്കില്‍പെട്ട് മലയാളികളടക്കം മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഓരോ മഴയിലും നിരവധി രക്ഷാപ്രവര്‍ത്തനങ്ങളാണ് പൊലീസിനും സിവില്‍ ഡിഫന്‍സിനും നടത്തേണ്ടി വരുന്നത്. സ്വന്തം ജീവനും വാഹനത്തിലെ സഹയാത്രികരുടെ ജീവനും അപകടത്തിലാക്കുന്ന ഈ പ്രവണത അവസാനിപ്പിക്കാന്‍ നിയമഭേദഗതി വഴിയൊരുക്കുമെന്നതില്‍ സംശയമില്ളെന്നാണ്  വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പുതിയ ഭേദഗതി പ്രകാരം പ്രധാന റോഡുകളില്‍ സഹ വാഹനയാത്രക്കാരുടെ സുരക്ഷക്ക് ഭീഷണിയാകുംവിധം ട്രക്കുകളില്‍നിന്ന് സാധനങ്ങള്‍ വീഴുന്ന പക്ഷം 300 റിയാല്‍ പിഴ ഈടാക്കും. വാഹനത്തില്‍ വന്ന് റോഡിലും പൊതുസ്ഥലങ്ങളിലും ചപ്പുചവറുകളും മറ്റും വലിച്ചെറിയുന്നവര്‍ക്ക് പത്ത് ദിവസത്തെ തടവും 300 റിയാല്‍ പിഴയുമാണ് ശിക്ഷ.
 മദ്യപിച്ചും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചും വാഹനമോടിക്കുന്നവര്‍ക്കുള്ള ശിക്ഷ ഉയര്‍ത്തിയതിനെ സമൂഹത്തിന്‍െറ എല്ലാ തുറകളിലും ഉള്ളവരും സ്വാഗതം ചെയ്യുന്നുണ്ട്. വാഹനയാത്രികരാണ് സഹയാത്രികരുടെ സുരക്ഷക്ക് ഉത്തരവാദിയെന്നും അതുകൊണ്ടുതന്നെ അപകടങ്ങള്‍ ഉണ്ടാകുന്നപക്ഷം അവര്‍ കണക്കുപറയണമെന്നും അഹമ്മദ് അല്‍ റഷ്ദി എന്ന സ്വദേശി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. രാജ്യത്തിന്‍െറ ഏറ്റവും സുപ്രധാന സമ്പത്താണ് യുവജനങ്ങള്‍. ഇവരില്‍ നിരവധി പേരാണ് റോഡപകടങ്ങളില്‍ കൊഴിഞ്ഞുപോകുന്നത്. 
രാജ്യത്തെ യുവജനങ്ങളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കാര്‍ നീക്കത്തെ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്യണമെന്ന് സുലൈമാന്‍ അല്‍ മഖ്ബാലി എന്ന സ്വദേശി സാമൂഹിക മാധ്യമത്തില്‍ അഭിപ്രായപ്പെട്ടു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.