മസ്കത്ത്: മൊബൈല്‍ വിപണിയിലെ വ്യാജന്മാരുടെ വിളയാട്ടം തടയാനുറച്ച് ടെലികമ്യൂണിക്കേഷന്‍ റെഗുലേറ്ററി അതോറിറ്റി (ട്രാ). വാങ്ങുന്ന മൊബൈല്‍ ഫോണും ടാബ്ലെറ്റും വ്യാജനല്ളെന്ന് ഉപഭോക്താവിന് ഉറപ്പാക്കുന്നതിനായുള്ള ട്രായുടെ ഓട്ടോമേറ്റഡ് സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. വ്യാജ ഉപകരണങ്ങള്‍ക്കെതിരായ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് പുതിയ സംവിധാനം ആരംഭിക്കുന്നതെന്ന് അതോറിറ്റി മീഡിയ ആന്‍ഡ് ഇവന്‍റ്സ് മാനേജര്‍ ഹിലാല്‍ അല്‍ സിയാബി പറഞ്ഞു. വ്യാജ മൊബൈല്‍ ഉല്‍പന്നങ്ങളുടെ എണ്ണം വിപണിയില്‍ മുമ്പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചിരിക്കുകയാണ്. കുറഞ്ഞ നിലവാരവും ഉപകരണങ്ങള്‍ പെട്ടെന്ന് കേടാകുന്നതുമായുള്ള പരാതികള്‍ കൂടിവരുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ പതിനായിരക്കണക്കിന് പരാതികളാണ് ഈ വിഷയത്തില്‍ ലഭിച്ചത്. ജി.എസ്.എം അസോസിയേഷനുമായി ചേര്‍ന്നാണ് വ്യാജഫോണുകള്‍ തിരിച്ചറിയുന്നതിനുള്ള ‘വെരിഫൈ ബിഫോര്‍ യു ബൈ’ ഓട്ടോമാറ്റഡ് സംവിധാനം ആരംഭിച്ചത്. ഉപകരണത്തിന്‍െറ ബോക്സിലുള്ള 15 അക്ക ഐ.എം.ഇ.ഐ നമ്പര്‍ 80566 എന്ന നമ്പറിലേക്ക് എസ്.എം.എസ് ആയി അയക്കുകയാണ് വേണ്ടത്. ഐ.എം.ഇ.ഐ നമ്പര്‍ ജി.എസ്.എം അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തതാണോ എന്നത് പരിശോധിക്കുകയാണ് സംവിധാനം ചെയ്യുക. രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നാണ് മറുപടി വരുന്നതെങ്കില്‍ ഫോണ്‍ ഒറിജിനല്‍ ആയിരിക്കുമെന്ന് അല്‍ സിയാബി പറഞ്ഞു. വ്യാജ ഉല്‍പന്നങ്ങള്‍ ഒരു കാരണവശാലും വാങ്ങരുത്. കടകള്‍ക്കുപുറമെ ലൈസന്‍സില്ലാത്ത വില്‍പനക്കാരും വ്യാജ ഉല്‍പന്നങ്ങളുടെ കച്ചവടരംഗത്ത് സജീവമാണെന്നും അല്‍ സിയാബി പറഞ്ഞു. ഉപകരണത്തിന്‍െറ നിലവാരക്കുറവിനുപുറമെ വ്യാജഫോണുകളുടെ ഉപയോഗം ആരോഗ്യത്തിനും ദോഷകരമാണ്. വേണ്ടവിധത്തില്‍ പരിശോധനകള്‍ നടത്താത്തതിനാല്‍ ഇവയില്‍നിന്നുള്ള റേഡിയേഷന്‍ ഉയര്‍ന്നതായിരിക്കുമെന്ന് അതോറിറ്റിയിലെ സീനിയര്‍ സ്പെഷലിസ്റ്റ് ഇബ്രാഹീം അല്‍ മഅ്വാലി പറഞ്ഞു. യഥാര്‍ഥ ഫോണുകളെ അപേക്ഷിച്ച് കുറഞ്ഞ ആയുസ്സ് മാത്രമാകും ഇവക്കുണ്ടാവുക. ടെലികോം സേവനങ്ങളെയും വ്യാജന്മാരുടെ നിലവാരക്കുറവ് ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒമാന്‍ ടെല്‍, ഉരീദു ഉപഭോക്താക്കള്‍ക്കാണ് പുതിയ സംവിധാനം നിലവില്‍ ലഭ്യമാവുക. മറ്റ് ഓപറേറ്റര്‍മാര്‍ക്കും വൈകാതെ ഇത് ലഭ്യമാക്കും. റോമിങ് നെറ്റ്വര്‍ക്കിലും പ്രവര്‍ത്തിക്കുന്നതിനാല്‍ ഒമാനിലുള്ള ഒരാള്‍ വിദേശത്തുനിന്ന് ഫോണ്‍ വാങ്ങിയാലും എസ്.എം.എസ് അയച്ച് വ്യാജനാണോ അല്ലയോ എന്നത് ഉറപ്പിക്കാന്‍ കഴിയും. അംഗീകൃത വില്‍പനക്കാരില്‍നിന്ന് മാത്രം ഫോണുകള്‍ വാങ്ങുകയാണ് വ്യാജന്മാരുടെ പിടിയില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗം. ഇത്തരം വില്‍പനക്കാര്‍ ട്രായുടെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് ഫോണുകള്‍ ഇറക്കുമതി ചെയ്യുന്നത്. ട്രാ അംഗീകൃതം എന്നെഴുതിയ സ്റ്റിക്കര്‍ ഇവയിലുണ്ടാകും. ഉപകരണം വാങ്ങുന്നതിന് മുമ്പ് ഈ സ്റ്റിക്കര്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും അല്‍ മഅ്വാലി പറഞ്ഞു. ഫോണിന്‍െറ വില യഥാര്‍ഥ വിലയേക്കാള്‍ ഏറെ കുറവാണെങ്കില്‍ അത് വ്യാജനായിരിക്കും. ലോഗോക്കും സ്ക്രീനിനും അനുസരിച്ചല്ല ഫോണിന്‍െറ പാക്കിങ് എങ്കില്‍ അത് വ്യാജനാണ് എന്നതിന്‍െറ അടയാളമാണ്. യഥാര്‍ഥ ഫോണുകള്‍ക്കെല്ലാം കുറഞ്ഞത് ഒരു വര്‍ഷത്തെ വാറന്‍റി ഉണ്ടാകും. വാറന്‍റി ലഭ്യമാകാത്ത ഫോണുകളും വ്യാജന്‍െറ പട്ടികയിലുള്ളതാകാനാണ് സാധ്യത. വ്യാജഫോണുകള്‍ സംബന്ധിച്ച പരാതി അതോറിറ്റിയുടെ സര്‍വിസ് നമ്പറായ 800 000 00 വഴിയോ www.tra.gov.om എന്ന വെബ്സൈറ്റ് മുഖേനയോ നല്‍കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.