വിസ പുതുക്കല്‍ : മാസശമ്പളത്തിന്‍െറ മൂന്നു ശതമാനം  ഈടാക്കാന്‍ ശിപാര്‍ശ

മസ്കത്ത്: വിസ പുതുക്കുമ്പോള്‍ ഈടാക്കുന്ന രണ്ടു വര്‍ഷത്തെ റെസിഡന്‍റ് കാര്‍ഡിന്‍െറ ഫീസ് നിരക്ക് മാസ ശമ്പളത്തിന്‍െറ മൂന്നു ശതമാനമായി നിജപ്പെടുത്താന്‍ മജ്ലിസു ശൂറ അംഗം നിര്‍ദേശം സമര്‍പ്പിച്ചതായി ഇംഗ്ളീഷ് ദിനപത്രമായ ‘ടൈംസ് ഓഫ് ഒമാന്‍’ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഒമാനില്‍ റെസിഡന്‍റ് കാര്‍ഡ് പുതുക്കുന്നതിന് രണ്ടുവര്‍ഷത്തേക്ക് 200 റിയാലാണ് വിദേശികളില്‍നിന്ന് ഈടാക്കുന്നത്. എല്ലാ വിഭാഗമാളുകളില്‍നിന്നും ഈ നിരക്കാണ് ഈടാക്കുക.  ഇത് ശമ്പളത്തിന് ആനുപാതികമായി ഒരു മാസത്തേക്ക് മൂന്നു ശതമാനം എന്ന നിരക്കില്‍ രണ്ടുവര്‍ഷത്തേക്ക് ഈടാക്കാനാണ് ശിപാര്‍ശ. ഇത് പ്രാവര്‍ത്തികമാകുന്ന പക്ഷം കുറഞ്ഞ ശമ്പളക്കാര്‍ കുറഞ്ഞ നിരക്കും കൂടിയ ശമ്പളക്കാര്‍ കൂടിയനിരക്കും നല്‍കേണ്ടിവരും. ശിപാര്‍ശയനുസരിച്ച് 1000 റിയാല്‍ ശമ്പളം വാങ്ങുന്ന ജീവനക്കാരന്‍ മാസം 30 റിയാല്‍ എന്ന നിരക്കില്‍ 24 മാസത്തേക്ക് 720 റിയാല്‍ വിസ പുതുക്കുമ്പോള്‍ നല്‍കേണ്ടിവരും. 
മാസം 100 റിയാല്‍ ശമ്പളം വാങ്ങുന്നയാള്‍ മാസം മൂന്നു റിയാല്‍ എന്ന നിരക്കില്‍ രണ്ടു വര്‍ഷത്തേക്ക് 72 റിയാല്‍ നല്‍കിയാല്‍ മതി. നിലവില്‍ 100 റിയാല്‍ ശമ്പളക്കാരനും 200 റിയാലാണ് വിസ പുതുക്കാന്‍ നല്‍കുന്നത്. ആയിരം റിയാല്‍ ശമ്പളം വാങ്ങുന്ന വിദേശിയും 100 റിയാല്‍ വാങ്ങുന്ന വിദേശിയും വിസ പുതുക്കാന്‍ ഒരേ നിരക്കുതന്നെ നല്‍കുന്നത് ശരിയായ നിലപാടല്ളെന്ന് ശൂറാ അംഗം ചൂണ്ടിക്കാട്ടി. 1996ന് മുമ്പ് ഒമാനില്‍ ശമ്പളത്തിന്‍െറ അനുപാതത്തിലായിരുന്നു വിസ നിരക്ക് ഈടാക്കിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ 19,90,294 വിദേശി ജീവനക്കാരാണ് ഒമാനിലുള്ളത്. ഇവരില്‍ ഒരാള്‍ക്ക് 200 റിയാല്‍ എന്ന നിരക്കില്‍ 39,80,58,800 റിയാലാണ് വരുമാനം ലഭിക്കുന്നത്. 
എന്നാല്‍, പുതിയ നിയമം നടപ്പാവുന്നതോടെ സര്‍ക്കാറിന് വന്‍ വരുമാനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ബജറ്റ് കമ്മി കുറക്കാന്‍ പുതിയ സംവിധാനം സഹായകമാവും. എന്നാല്‍, വിസ പുതുക്കല്‍ നിരക്ക് വര്‍ധിക്കുമ്പോള്‍ തുക ആര് അടക്കുമെന്നതടക്കമുള്ള നിരവധി ആശയക്കുഴപ്പങ്ങള്‍ ഉയര്‍ന്നുവരും. നിലവില്‍ കമ്പനികളാണ് വിസ പുതുക്കല്‍ നിരക്കായ 200 റിയാല്‍ അടക്കുന്നത്. വിസ നിരക്ക് ഭീമമായ സംഖ്യയായി ഉയരുമ്പോള്‍ കമ്പനികള്‍ ഇത് അടക്കാന്‍ തയാറാവില്ളെന്നും അത് ജീവനക്കാരന്‍െറ ചുമലിലേക്ക് പതിക്കുമെന്നും വിലയിരുത്തപ്പെടുന്നു. അതിനിടെ, വിഷയസംബന്ധമായ നിര്‍ദേശം ഒരു അംഗം മജ്ലിസു ശൂറയില്‍ അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും ഇതുസംബന്ധമായ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ളെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.