രാജ്യത്ത് ചൂട് കൂടി; കഴിഞ്ഞവര്‍ഷം താപനില 3.6 ശതമാനം വര്‍ധിച്ചു

മസ്കത്ത്: രാജ്യത്ത് കഴിഞ്ഞവര്‍ഷം ചൂടുകൂടിയതായി കണക്കുകള്‍. 2014നെ അപേക്ഷിച്ച് 3.6 ശതമാനത്തിന്‍െറ വര്‍ധനവാണ് അന്തരീക്ഷ താപനിലയില്‍ ഉണ്ടായത്. 
2014ല്‍ ശരാശരി 27.7 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയപ്പോള്‍ കഴിഞ്ഞവര്‍ഷം അത് 28.7 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നതായി ദേശീയ സ്ഥിതിവിവര മന്ത്രാലയം പ്രസിദ്ധീകരിച്ച കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു. അഞ്ചുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത്. 2011 മുതല്‍ ശരാശരി താപനിലയില്‍ ഏറ്റകുറച്ചിലുകള്‍ ഉണ്ടായികൊണ്ടിരിക്കുകയാണ്. 
2011ലും 2012ലും 27 ഡിഗ്രിയായിരുന്നു ശരാശരി താപനില. 2013ല്‍ ഇത് 28.2 ഡിഗ്രിയായി ഉയര്‍ന്നു. 2014ല്‍ ഇത് 27.7 ഡിഗ്രിയിലേക്ക് താഴ്ന്നശേഷമാണ് വീണ്ടും 28 ഡിഗ്രി കടന്നത്. 2015ല്‍ ചൂട് കൂടിയപ്പോള്‍ ഈര്‍പ്പത്തിന്‍െറ അളവ് 7.1 ശതമാനം കുറഞ്ഞ് 48.5 ശതമാനമായി.  തൊട്ടു മുന്‍വര്‍ഷം 52.2 ശതമാനമായിരുന്നു അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്‍െറ നില. 
 2011 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞവര്‍ഷം മാത്രമാണ് ഈര്‍പ്പത്തിന്‍െറ അളവ് 50 ശതമാനത്തിന് താഴെവന്നത്. ഏറ്റവുമധികം ഈര്‍പ്പം രേഖപ്പെടുത്തിയത് 2013ലാണ്, 54.3 ശതമാനം. കഴിഞ്ഞവര്‍ഷം രാജ്യത്ത് ലഭിച്ച ശരാശരി മഴയുടെ അളവിലും കുറവുണ്ടായി. 2014ല്‍ 98 മി.മീറ്റര്‍ മഴ ലഭിച്ച സ്ഥാനത്ത് 83.7 മി.മീറ്റര്‍ മഴ മാത്രമാണ് ഉണ്ടായത്. 
ശര്‍ഖിയ ഗവര്‍ണറേറ്റിലാണ് കൂടുതല്‍ മഴ ലഭിച്ചത്, 116.5 മി.മീറ്റര്‍. അഞ്ചുവര്‍ഷത്തെ കണക്കില്‍ 136 മി.മീറ്റര്‍ മഴ കിട്ടിയ 2013ആണ് പ്രഥമ സ്ഥാനത്ത്. കാറ്റിന്‍െറ ശക്തിയും കഴിഞ്ഞവര്‍ഷം കുറഞ്ഞിട്ടുണ്ട്. 6.8 നോട്ട്സില്‍നിന്ന് 6.6 നോട്ട്സ് ആയാണ് കുറഞ്ഞത്. മഴയും ഈര്‍പ്പവും പോലെ അഞ്ചുവര്‍ഷത്തിനിടെ കൂടിയ വേഗത്തില്‍ കാറ്റ് ലഭിച്ചതും 2013ലാണ്. 2015ലെ വേനലില്‍ 39.2 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നു. 
27.4 ഡിഗ്രിയാണ് രേഖപ്പെടുത്തിയ കുറഞ്ഞ താപനില. തണുപ്പുകാലത്ത് രാജ്യത്ത് ഏറക്കുറെ സുഖകരമായ കാലാവസ്ഥയായിരുന്നു. 
18.9 ഡിഗ്രിക്കും 29.8 ഡിഗ്രിക്കുമിടയിലായിരുന്നു ഈ സമയത്ത് ശരാശരി താപനില. ബുറൈമിയിലാണ് കഴിഞ്ഞവര്‍ഷം ഏറ്റവുമധികം ചൂടുണ്ടായത്. ജുലൈയില്‍ ശരാശരി 37.9 ഡിഗ്രി ചൂടാണ് ഇവിടെയുണ്ടായത്. ജനുവരിയില്‍ ശരാശരി 18.3 ഡിഗ്രി ചൂട് മാത്രം രേഖപ്പെടുത്തിയ ദാഖിലിയയിലാണ് സുഖമുള്ള കാലാവസ്ഥ അനുഭവപ്പെട്ടത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-15 08:11 GMT