വാദികബീര്‍ മേഖലയില്‍ വെള്ളിയാഴ്ചകളിലെ ഗതാഗത പ്രശ്നത്തിന് പരിഹാരമാകുന്നു

മസ്കത്ത്: വാദി കബീര്‍ മേഖലയില്‍ വെള്ളിയാഴ്ചകളില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത പ്രശ്നത്തിന് പരിഹാരമാകുന്നു. ഫ്രൈഡേ മാര്‍ക്കറ്റിനോട് ചേര്‍ന്ന നഗരസഭ പാര്‍ക്കിങ്ങിലെ വാഹന വില്‍പന നിരോധിച്ചതാണ് ഇവിടത്തെ താമസക്കാര്‍ക്ക് ആശ്വാസമാകുന്നത്. 
തലസ്ഥാന എമിറേറ്റിലെ ഏറ്റവും വലിയ യൂസ്ഡ് കാര്‍ വിപണികളില്‍ ഒന്നാണ് വാദികബീറിലെ ഫ്രൈഡേ മാര്‍ക്കറ്റ്. മാര്‍ക്കറ്റിനോട് ചേര്‍ന്ന നഗരസഭയുടെ വിപുലമായ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വില്‍പനക്കായുള്ള വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതായിരുന്നു ഇവിടത്തെ ഗതാഗത പ്രശ്നത്തിന് കാരണം. ഇതുമൂലം  പ്രദേശത്തെ താമസക്കാരും സമീപത്തെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഷോപ്പിങ്ങിന് വരുന്നവരും പാര്‍ക്കിങ്ങിന് സ്ഥലം ലഭിക്കാതെ ബുദ്ധിമുട്ടുന്ന അവസ്ഥയായിരുന്നു. 
റോഡരികിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ ഗതാഗതക്കുരുക്കും പതിവായിരുന്നു. വാഹന വില്‍പന നിരോധിച്ച് മസ്കത്ത് നഗരസഭ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ വാങ്ങലും വില്‍പനയും പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിരോധിച്ച് ഏതാനും ദിവസം മുമ്പാണ് വിവിധ ഭാഷകളിലുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചത്. 
ഇതോടൊപ്പം, അര ഡസന്‍ പാര്‍ക്കിങ് മീറ്ററുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ഇവിടെ യൂസ്ഡ് കാറുകളുടെ വില്‍പന നടന്നുവരുന്നുണ്ട്. നൂറുകണക്കിന് കാറുകളാണ് വാരാന്ത്യങ്ങളില്‍ ഇവിടെ വില്‍പനക്കായി കൊണ്ടുവരാറുള്ളത്. ഇടനിലക്കാരാണ് ഇവിടത്തെ വാഹനവില്‍പനക്കാരില്‍ ഭൂരിപക്ഷവും. മലയാളികളടക്കമുള്ള ഇടനിലക്കാരെ നഗരസഭയുടെ പുതിയ തീരുമാനം ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
 പുതിയ നിയന്ത്രണത്തോടെ കുറഞ്ഞ വിലക്ക് സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ ലഭിക്കുന്ന ഫ്രൈഡേ മാര്‍ക്കറ്റിലത്തെുന്ന വാഹനങ്ങളുടെ എണ്ണം ഇനി കുറയാനിടയുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.