കുവൈത്ത് സിറ്റി: വിസക്കച്ചവടവുമായി ബന്ധപ്പെട്ട് 800 കമ്പനികൾക്കെതിരെ ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തുന്നു. ഇൗ കമ്പനികളുടെ കീഴിൽ 60000 വിദേശ തൊഴിലാളികൾ വിസ എടുത്തിട്ടുണ്ട്. വിസക്കച്ചവടത്തിനായി ഉണ്ടാക്കിയ കടലാസു കമ്പനികൾ വാണിജ്യ ഇടപാടുകളും പ്രവർത്തനവും നടത്തുന്നില്ലെന്നാണ് അധികൃതർ കരുതുന്നത്. ഇത് തെളിയിച്ചാൽ പണം നൽകി പുറത്ത് വിസയടിച്ച വിദേശികളും വെട്ടിലാകും. പണം ഇൗടാക്കി വിസയെടുത്ത് കൊണ്ടുവന്ന ശേഷം പുറത്തുവിടുകയാണ് തട്ടിപ്പു കമ്പനികൾ ചെയ്തുവരുന്നത്. വിസക്കച്ചവടത്തിനായി മാത്രം പ്രവർത്തിക്കുന്ന കമ്പനികളെ കണ്ടെത്താൻ മാനശേഷിവകുപ്പ് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.
പരിശോധകർ എത്തുമ്പോൾ പല ഊഹക്കമ്പനികളുടെയും ഓഫിസുകൾ ഒഴിഞ്ഞു കിടക്കുകയായിരുന്നു. വാണിജ്യപരമോ ഉത്പാദനപരമോ ആയ യാതൊരു ഇടപാടും നടത്താതെ വിസക്കച്ചവടത്തിനു മാത്രമാണ് ഇത്തരം ഓഫിസുകൾ പ്രവർത്തിക്കുന്നതെന്നും വ്യക്തമായ മനുഷ്യക്കടത്താണ് കമ്പനി ഉടമകൾ നടത്തിയിരുന്നതെന്നും മാൻ പവർ അതോറിറ്റി അധികൃതർ വ്യക്തമാക്കുന്നു. ഏതൊക്കെ കമ്പനികളാണ് ഇത്തരത്തിൽ ഉള്ളതെന്നും എന്ത് നടപടിയാണ് കമ്പനികൾക്കും ഇവയുടെ കീഴിൽ വിസയടിച്ച തൊഴിലാളികൾക്കും നേരിടേണ്ടി വരികയെന്നും അന്വേഷണ റിപ്പോർട്ട് പുറത്തുവന്നാലേ വ്യക്തമാകൂ. വ്യാജകമ്പനികൾക്കു കീഴിലെത്തിയ തൊഴിലാളികൾ മറ്റു പലയിടങ്ങളിലുമായി തൊഴിലെടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.