വക്താവ് താരിഖ് അൽ മസ്റം മന്ത്രിസഭ തീരുമാനങ്ങൾ വിശദീകരിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് അംഗീകൃത വാക്സിൻ എടുത്ത വിദേശികൾക്ക് ആഗസ്റ്റ് ഒന്നുമുതൽ പ്രവേശനാനുമതി. രണ്ടു ഡോസ് വാക്സിൻ എടുക്കുകയും പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തനാണെന്ന് തെളിയിക്കുകയും വേണമെന്ന വ്യവസ്ഥയോടെയാണ് പ്രവേശന വിലക്ക് നീക്കുന്നത്.പ്രവേശന വിലക്ക് മൂലം മാസങ്ങളായി ആശങ്കയിൽ കഴിയുന്ന പ്രവാസികൾക്ക് ആശ്വാസമേകുന്ന തീരുമാനമാണ് വ്യാഴാഴ്ച ചേർന്ന കുവൈത്ത് മന്ത്രിസഭ യോഗം എടുത്തത്.
യാത്രക്ക് 72 മണിക്കൂറിനുള്ളിൽ നടത്തിയ പി.സി.ആർ പരിശോധനയിൽ കോവിഡ് മുക്തനാണെന്ന് തെളിയണം. ഫലം നെഗറ്റിവാണെങ്കിലും ഒരാഴ്ച ഹോം ക്വാറൻറീൻ അനുഷ്ഠിക്കണം. ഒാക്സ്ഫഡ് ആസ്ട്രസെനക, ഫൈസർ ബയോൺടെക്, മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകൾ മാത്രമാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയിൽ നൽകുന്ന കോവിഷീൽഡ് വാക്സിൻ ആസ്ട്രസെനക തന്നെയായതിനാൽ ഇതിന് അംഗീകാരം ലഭിച്ചേക്കും. ഇതുസംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം വിലക്ക് നീക്കുന്നതിന് മുമ്പ് വരുമെന്നാണ് പ്രതീക്ഷ.
മാസങ്ങളായി നാട്ടിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പ്രവാസികളാണുള്ളത്. ജോലിസംബന്ധമായി അടിയന്തരമായി തിരിച്ചെത്തേണ്ടവരാണ് മിക്കവാറും പേർ. മാസങ്ങളായി നാട്ടിൽ കുടുങ്ങിയവർ ജോലിയും വരുമാനവുമില്ലാതെ സാമ്പത്തിക ബുദ്ധിമുട്ടും മാനസിക പിരിമുറുക്കവും അനുഭവിക്കുകയാണ്.
ഒന്നര മാസം കൂടി കഴിയണമെങ്കിലും ആഗസ്റ്റിൽ പ്രവേശന വിലക്ക് നീങ്ങുമെന്ന വാർത്ത അവർക്ക് വലിയ ആശ്വാസമാകും. കുവൈത്തിലുള്ള പ്രവാസികളും വിമാന സർവിസ് സാധാരണനിലയിലാകുന്നതും കാത്തിരിക്കുകയാണ്. ദീർഘനാളായി നാട്ടിൽ പോകാത്തതിെൻറയും ജോലിഭാരത്തിെൻറയും പിരിമുറുക്കം അവർക്കുമുണ്ട്. കുവൈത്തിലെ ബിസിനസ് രംഗം സജീവമാകണമെങ്കിലും വിമാന സർവിസ് സജീവമാകണം.
ആഗസ്റ്റ് ആകുേമ്പാഴേക്ക് കുവൈത്തിലെയും നാട്ടിലെയും കോവിഡ് സാഹചര്യം എന്താകുമെന്നതുകൂടി നിർണായകമാണ്. വാക്സിനേഷൻ സുഗമമായി പുരോഗമിക്കുന്നതിൽ പ്രശ്നമൊന്നുമുണ്ടാകില്ലെന്ന ശുഭ പ്രതീക്ഷയിലാണ് എല്ലാവരും. ആഗസ്റ്റിൽ താങ്ങാനാവാത്ത വിമാന നിരക്ക് നൽകേണ്ടിവരും. മാസങ്ങളായി നാട്ടിൽ കുടുങ്ങിക്കിടക്കുന്നവർ എന്ത് വില കൊടുത്തും വരാൻ തയാറാകുമെന്നതിനാൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തുമെന്ന് ഉറപ്പാണ്. തിരിച്ചുവരവ് സംബന്ധിച്ച അനിശ്ചിതത്വം നീങ്ങിയതോടെ അടുത്ത മാസങ്ങളിൽ കുവൈത്തിൽനിന്ന് നാട്ടിലേക്കും യാത്രക്കാരുടെ ഒഴുക്ക് ഉണ്ടാകും.
ജൂൺ 27 മുതൽ റസ്റ്റാറൻറ്, സലൂണുകൾ, ഹെൽത്ത് ക്ലബ്, വലിയ മാളുകൾ എന്നിവിടങ്ങളിൽ പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രം. സഹകരണ സംഘങ്ങളിൽ ഇൗ വ്യവസ്ഥയില്ല
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.