കുവൈത്ത് സിറ്റി: രാജ്യത്ത് അടുത്ത ദിവസങ്ങളിൽ അസഥിര കാലാവസഥയെന്ന് മുന്നറിയിപ്പ്. ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു പിണ്ഡത്തോടൊപ്പം ഉപരിതല ന്യൂനമർദം രാജ്യത്തെ ബാധിച്ചത് തുടരുമെന്ന് കാലാവസ്ഥ വകുപ്പ് ഡയറക്ടർ ധരാർ അൽ അലി വ്യക്തമാക്കി.
ബുധനാഴ്ചവരെ ഇടക്കിടെ മഴക്കും സജീവമായ കാറ്റിനും സാധ്യതയുണ്ട്. മഴക്കൊപ്പം ഇടിമിന്നലും ഉണ്ടാകാം. ചില പ്രദേശങ്ങളിൽ സജീവമായ കാറ്റ് രൂപപ്പെടും. കാറ്റിൽ പൊടി കലരുന്നത് കാരണം ദൃശ്യപരത കുറയാനും സാധ്യതയുണ്ട്. അടുത്ത ബുധനാഴ്ച വരെ വ്യത്യസ്ത ഇടവേളകളിൽ ഈ നില തുടരുമെന്നും അദ്ദേഹം വിശദീകരിച്ചു. കടുത്ത വേനലിന് മുമ്പുള്ള സറയാത്ത് ഘട്ടത്തിലാണ് രാജ്യം. താപനിലയിലെ ദ്രുതഗതിയിലുള്ള ഏറ്റക്കുറച്ചിലുകൾക്കും കാലാവസ്ഥ അസ്ഥിരതയും ഈ ഘട്ടത്തിലെ പ്രത്യേകതയാണ്.
ഹൈവേകളിലെ ദൃശ്യപരത കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. തിരമാലകൾ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണം.
പുതിയ കാലാവസ്ഥ സംഭവവികാസങ്ങൾ അറിഞ്ഞിരിക്കാൻ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ആപ്പ്, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ പിന്തുടരാനും ധരാർ അൽ അലി ആവശ്യപ്പെട്ടു.
അതേസമയം, ശനിയാഴ്ച രാജ്യത്ത് ആകാശം പൊതുവെ മൂടിക്കെട്ടിയതായിരുന്നു. ചില പ്രദേശങ്ങളിൽ നേരിയ മഴ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.