കുവൈത്ത് സിറ്റി: ജൂൺ ആറിന് മറ്റൊരു തെരഞ്ഞെടുപ്പുകൂടി പ്രഖ്യാപിച്ചതോടെ രാജ്യത്ത് മൂന്നു വർഷത്തിനിടെ നടക്കാൻ പോകുന്നത് മൂന്നാമത്തെ തെരഞ്ഞെടുപ്പ്. സർക്കാറും എം.പിമാരും തമ്മിലുള്ള ഭിന്നതകളും നിയമപ്രശ്നങ്ങളുമാണ് കഴിഞ്ഞ രണ്ട് അസംബ്ലികൾ കാലാവധി പൂർത്തിയാകാതെ പിരിച്ചുവിടുന്നതിലേക്കു നയിച്ചത്.
2020ൽ തെരഞ്ഞെടുക്കപ്പെട്ട സഭ സർക്കാറും എം.പിമാരും തമ്മിൽ ഉടലെടുത്ത തർക്കങ്ങളെ തുടർന്ന് അമീർ പ്രത്യേക അധികാരം ഉപയോഗിച്ച് പിരിച്ചുവിടുകയായിരുന്നു. തുടർന്ന് 2022 സെപ്റ്റംബറിൽ നടന്ന തെരഞ്ഞെടുപ്പ് ഭരണഘടന കോടതി റദ്ദാക്കുകയും ചെയ്തു. 2020 ഡിസംബർ അഞ്ചിനാണ് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ, സഭാനടപടികൾ ആരംഭിച്ച് മാസങ്ങൾക്കകം സർക്കാറും എം.പിമാരും തമ്മിൽ അഭിപ്രായഭിന്നത ഉടലെടുത്തു. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിനും മന്ത്രിമാർക്കുമെതിരെ എം.പിമാർ രംഗത്തെത്തിയതോടെ സർക്കാർ, പാർലമെൻറ് സംഘർഷം ശക്തമായി. പ്രധാനമന്ത്രിക്കെതിരെ മൂന്ന് എം.പിമാർ കുറ്റവിചാരണക്ക് നോട്ടീസ് നൽകി. ഇതിനു പിറകെ 2021 ജനുവരിയിൽ മന്ത്രിസഭ രാജിവെച്ചു. വൈകാതെ ശൈഖ് സബാഹ് ഖാലിദിനെ വീണ്ടും പ്രധാനമന്ത്രിയായി നിയമിച്ചു. മാർച്ചിൽ പുതിയ മന്ത്രിസഭ രൂപവത്കരിച്ചു. എങ്കിലും സംഘർഷങ്ങൾക്ക് അയവുവന്നില്ല.
തുടർന്ന് പാർലമെൻറും സർക്കാറും തമ്മിലുള്ള ബന്ധം നന്നാക്കുന്നതിനായി അമീറിന്റെ ആഭിമുഖ്യത്തിൽ ‘നാഷനൽ ഡയലോഗും’ നടന്നു. 2021 ഡിസംബറിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. 16 അംഗ മന്ത്രിസഭയിൽ പാർലമെൻറിൽനിന്ന് നാലുപേരെ ഉൾപ്പെടുത്തി.
എന്നാൽ, ഈ മന്ത്രിസഭക്കും കൂടുതൽ ആയുസ്സുണ്ടായില്ല. 26 എം.പിമാർ കുറ്റവിചാരണക്ക് നോട്ടീസ് നൽകിയതിനെ തുടർന്ന് 2022 ഏപ്രിലിൽ സർക്കാർ രാജിവെച്ചു. പാർലമെന്റ് സമ്മേളനങ്ങൾ മുടങ്ങൽ പതിവായി. 2022 ജൂൺ 23ന് പ്രത്യേക അധികാരമായ ഭരണഘടനയുടെ ആർട്ടിക്കിൾ 107 അനുസരിച്ച് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ദേശീയ അസംബ്ലി പിരിച്ചുവിട്ടു.
തുടർന്ന് 2022 സെപ്റ്റംബർ 29ന് പൊതുതെരഞ്ഞെടുപ്പ് നടന്നു. പിറകെ ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരത്തിൽ വന്നു. മുൻ അനുഭവങ്ങൾ ഒഴിവാക്കി സർക്കാറും എം.പിമാരും രമ്യതയിൽ മുന്നോട്ടുപോകാൻ ഇരുപക്ഷവും ധാരണയിലെത്തിയിരുന്നു.
എന്നാൽ, മാർച്ച് 19ന് 2022ലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കിയും 2020ലെ അസംബ്ലി പുനഃസ്ഥാപിച്ചും ഭരണഘടന കോടതിവിധി പുറപ്പെടുവിച്ചു. 2020ലെ ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള ഉത്തരവിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു വിധി. 2020ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച ദേശീയ അസംബ്ലി അംഗങ്ങളെ കോടതി പുനഃസ്ഥാപിച്ചു. 2020ലെ മർസൂഖ് അൽ ഗാനിമിനെ ദേശീയ അസംബ്ലിയുടെ നിയമാനുസൃത സ്പീക്കറായി തിരിച്ചെടുക്കാനും ഭരണഘടന കോടതി ഉത്തരവിട്ടു. പുതിയ വിധി വന്നതോടെ നിലവിലുള്ള എം.പിമാർ ദേശീയ അസംബ്ലിയിൽനിന്ന് പുറത്താകുകയും പിരിച്ചുവിട്ട സഭയിലെ അംഗങ്ങൾ വീണ്ടും ജനപ്രതിനിധികളാകുകയും ചെയ്തു. ഇതിനിടെ ഏപ്രിൽ 17ന് 2020ലെ പാർലമെന്റ് അമീർ പിരിച്ചുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.