കുവൈത്ത് സിറ്റി: രാജ്യത്ത് രണ്ടു ദിവസമായി തുടരുന്ന പൊടിയും കാറ്റും ഇന്നും തുടരും. ചൊവ്വാഴ്ച രാവിലെ മുതൽ അന്തരീക്ഷം പൊടിനിറഞ്ഞതായിരുന്നു. ചിലയിടങ്ങളിൽ കാറ്റ് ശക്തമായ പൊടിപടലങ്ങൾ ഉയർത്തി.
ബുധനാഴ്ചയും പകൽ സമയത്ത് ചൂടും പൊടിപടലവും ഉണ്ടാകുമെന്നും വൈകുന്നേരം പൊടി ക്രമേണ ശമിക്കുമെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു.
രാത്രിയിൽ ചൂട് കൂടുതലായിരിക്കും. പരമാവധി താപനില 44 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 30 മുതൽ 34 ഡിഗ്രി സെൽഷ്യസ് വരെയും പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 25 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാം. വൈകുന്നേരം മുതൽ കാറ്റ് താരതമ്യേന ശാന്തമായി കാലാവസ്ഥ ക്രമേണ മെച്ചപ്പെടും.
ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ വ്യാപനം, ചൂടുള്ളതും വരണ്ടതുമായ വായു പിണ്ഡം എന്നിവയാണ് നിലവിലെ പ്രതിഭാസത്തിന് കാരണം.
ആസ്ത്മ, അലർജി എന്നിവയാൽ ബുദ്ധിമുട്ടുന്നവർ മാസ്ക് ധരിക്കാൻ അധികൃതർ ഉണർത്തി. ബീച്ച് സന്ദർശകർക്ക് തിരമാലകളെ കുറിച്ച് ജാഗ്രത വേണം. റോഡുകളിൽ ദൃശ്യപരത കുറയുന്നതിനാൽ വാഹന ഉപയോക്താക്കളും ശ്രദ്ധിക്കണം. പുതിയ കാലാവസ്ഥ സംഭവവികാസങ്ങൾ അറിയാൻ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ്, ആപ്ലിക്കേഷൻ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവ പിന്തുടരാനും ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.