രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കും

 

കുവൈത്ത് സിറ്റി: രാജ്യത്തെ ലക്ഷ്യമിട്ട് വ്യാഴാഴ്ചാചയും ഇറാൻ ആക്രമണം. വ്യാഴാഴ്ച പുലർച്ചെ രാജ്യത്തെ ലക്ഷ്യമിട്ട ആക്രമണങ്ങളെ ചെറുത്തതായി സൈന്യം അറിയിച്ചു.

ആക്രമണത്തിന് പിറകെ മുൻ കരുതൽ നടപടിയുടെ ഭാഗമായി കുവൈത്ത് വ്യോമാതിർത്തി താത്കാലികമായി അടച്ചു. വിമാനങ്ങൾ ഇതര വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. സഥിതിഗതികൾ ശാന്തമായതോടെ വ്യോമാതിർത്തി തുറക്കുകയും വിമാന സർവിസുകൾ പുനരാരംഭിക്കുകയും ചെയ്തു.

രണ്ടാഴ്ചയായി കുവൈത്തിനുനേരെ ഇറാൻ തുടർച്ചയായി ആക്രമണം നടത്തുന്നുണ്ട്. ഈമാസം അന്താരാഷ്ട്ര വിമാനത്താവളം ടെർമിനൽ ഒന്നിനുനേരെ നടന്ന ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെടുകയും 13 ഇന്ത്യക്കാർ അടക്കം 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. യാത്രക്കായി നിരവധി പേർ വിമാനത്താവളത്തിൽ എത്തിയ സമയത്തായിരുന്നു ആക്രമണം. ഇതോടെ ടെർമിനൽ ഒന്ന് താൽക്കാലികമായി അടച്ചു.

രാജ്യത്തിനെതിരെയുള്ള ഇറാന്റെ തുടർച്ചയായ ആക്രമണങ്ങളെ കുവൈത്ത് ശക്തമായി അപലപിച്ചു. രാജ്യം ‘അംഗീകരിക്കുകയോ സഹിക്കുകയോ ചെയ്യാത്ത’ വ്യവസ്ഥാപിതവും ആക്രമണാത്മകവുമായ സമീപനമാണ് ഇറാന്റെതെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

കുവൈത്തിന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണ് ആക്രമണങ്ങൾ. പ്രാദേശിക സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളെ ഇവ ദുർബലപ്പെടുത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യ സുരക്ഷ, സുപ്രധാന സ്ഥാപനങ്ങൾ എന്നിവ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂർണ്ണ അവകാശവും വ്യക്തമാക്കി.

Tags:    
News Summary - The sovereignty of the country will be protected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.