കുവൈത്ത് സിറ്റി: ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിെൻറ നാലു ദിവസത്തെ ഗൾഫ് പര്യടനം ഞായറാഴ്ച ആരംഭിക്കും. 28, 29 തീയതികളിൽ ഖത്തറിലും 30, 31 തീയതികളിൽ കുവൈത്തിലുമുണ്ടാവുന്ന അവർ ഖത്തർ അമീർ ശൈഖ് തമീം ആൽഥാനി, കുവൈത്ത് തൊഴിൽ മന്ത്രി ഹിന്ദ് സബീഹ്, വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് തുടങ്ങി പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. മന്ത്രിയായതിനുശേഷം ആദ്യമായാണ് അവർ രണ്ട് രാജ്യങ്ങളിലുമെത്തുന്നത്.
എൻജിനീയർമാരുടെ വിസ പുതുക്കൽ, ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ കുവൈത്ത് തൊഴിൽമന്ത്രിയുമായുള്ള ചർച്ചയിൽ വിഷയമാവും. 10 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരാണ് കുവൈത്തിലെ ഏറ്റവും വലിയ വിദേശി സമൂഹം. തൊഴിൽ വിപണി ക്രമീകരണ ഭാഗമായി വിദേശികളെ വെട്ടിക്കുറക്കണമെന്ന് ശക്തമായ മുറവിളി ഉയരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ സന്ദർശനം. ഒരു രാജ്യത്തെയും ജനങ്ങൾ നിശ്ചിത ശതമാനത്തിൽ കൂടുതൽ വരരുതെന്ന പാർലമെൻറ് അംഗങ്ങളുടെ ആവശ്യം ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യക്കാരെയാണ്. ഇന്ത്യക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനാവശ്യമായ ഇടപെടൽ മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷ.
പൊതുവെ കുവൈത്തുമായി നല്ല ബന്ധമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എൻജിനീയർമാരുടെ വിസ പുതുക്കലുമായി ബന്ധപ്പെട്ടുള്ള സമീപകാല പ്രശ്നം പ്രധാന അജണ്ടയാണ്. എൻ.ബി.എ അക്രഡിറ്റേഷൻ ഇല്ലാത്തവയും അതേസമയം യു.ജി.സി, എ.ഐ.സി.ടി.ഇ തുടങ്ങിയവയുടെ അംഗീകാരവുമുള്ള സ്ഥാപനങ്ങളിൽനിന്ന് യോഗ്യത നേടിയവരുമായ എൻജിനീയർമാരാണ് പ്രതിസന്ധിയിലായത്. എ.െഎ.സി.ടി.ഇ അംഗീകാരം മാനദണ്ഡമാക്കണമെന്നാണ് ഇന്ത്യൻ എൻജിനീയർമാരുടെ ആവശ്യം. കുവൈത്ത് എൻജിനിയേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള കുവൈത്ത് പ്രതിനിധി സംഘം കഴിഞ്ഞ ജൂണിൽ ഇന്ത്യ സന്ദർശിച്ച് മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേക്കറുമായും യു.ജി,സി, എൻ.ബി.എ, എ.ഐ.സി.ടി.ഇ, ഡൽഹി ഐ.ഐ.ടി എന്നിവയിലെ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിട്ടും പരിഹാരമാവാത്ത വിഷയം മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിൽ മാറുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തെ ഇന്ത്യക്കാരായ എൻജിനീയർ സമൂഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.