സ്മാർട്ട് മുനിസിപ്പാലിറ്റി കോൺഫറൻസ് ആരംഭിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ 11ാമത് ജി.സി.സി സംയുക്ത മുനിസിപ്പൽ വർക് കോൺഫറൻസ് ആരംഭിച്ചു. 'സ്മാർട്ട് മുനിസിപ്പാലിറ്റി' എന്ന പേരിൽ ഗൾഫ് രാജ്യങ്ങളിലെ മുനിസിപ്പാലിറ്റികളുടെ പങ്കാളിത്തത്തോടെയാണ് മൂന്ന് ദിവസത്തെ സമ്മേളനം നടത്തുന്നത്. കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൻഫൂഹി ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് അടക്കം വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ മുനിസിപ്പാലിറ്റികളുടെ ഉത്തരവാദിത്തം വലുതാണെന്നും വെല്ലുവിളികളെ നേരിടാനുള്ള ഉൾക്കാഴ്ചയും പ്രേരണയും നൽകുന്നതാണ് ഇത്തരം സമ്മേളനങ്ങൾ എന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് മുനിസിപ്പൽ മന്ത്രി ഡോ. റന അൽ ഫാരിസിന്റെ രക്ഷാകർതൃത്വത്തിലാണ് സമ്മേളനം നടക്കുന്നത്. ശുചിത്വ കരാറുകളുടെ ഫലപ്രദമായ ഉപയോഗപ്പെടുത്തൽ ഉൾപ്പെടെ വിഷയങ്ങൾ ചർച്ചയാകും. കോവിഡ് കാരണം രണ്ട് വർഷം മുടങ്ങിയ സമ്മേളനമാണ് നടക്കുന്നത്. ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് പ്രതിനിധി സംഘവും നിരവധി സർക്കാർ ഏജൻസികളും സിവിൽ സൊസൈറ്റി സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സംബന്ധിക്കുന്നു. ആദ്യ ദിവസം വിവിധ മേഖലകളിലെ വിജയികളെ പുരസ്കാരം നൽകി ആദരിച്ചു. ബുധനാഴ്ച ചർച്ചാസമ്മേളനം നടക്കും. മാലിന്യ സംസ്കരണം, പുനരുപയോഗം, ശുചിത്വ കരാറുകൾ, നിയന്ത്രണം എന്നീ മേഖലകളിൽ സർക്കാർ ഏജൻസികളും സന്നദ്ധ സംഘടനകളും പദ്ധതി രൂപരേഖയും പ്രബന്ധങ്ങളും അവതരിപ്പിക്കും. വിവിധ പരിശീലന സെഷനുകളും നടക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.