കുവൈത്ത് സിറ്റി: കുവൈത്ത് കിരീടാവകാശിയുടെയും അടുത്ത അമീറിെൻറയും സ്ഥാനത്തേക്ക് കുവൈത്ത് ഭരണകുടുംബം പരിഗണിച്ചിരുന്ന പ്രധാന പേരുകളിലൊന്നായിരുന്നു ശൈഖ് നാസർ സബാഹ് അൽ അഹ്മദ് അസ്സബാഹ്. അർബുദം ബാധിച്ച് അവശനായിരുന്നതാണ് തടസ്സമായത്. ശൈഖ് മിശ്അൽ അൽ അഹ്മദ് അസ്സബാഹ്, ശൈഖ് നാസർ മുഹമ്മദ് അസ്സബാഹ്, ശൈഖ് നാസർ സബാഹ് അൽ അഹ്മദ് അസ്സബാഹ് എന്നീ പേരുകളാണ് കിരീടാവകാശി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. ഒടുവിൽ ശൈഖ് മിശ്അൽ തിരഞ്ഞെടുക്കപ്പെട്ടു.
1948 ഏപ്രിൽ 27ന് ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ മൂത്തമകനായി ജനിച്ച ശൈഖ് നാസർ സബാഹ് അൽ അഹമ്മദ് അസ്സബാഹ് 2017 ഡിസംബർ 11നാണ് പ്രതിരോധ മന്ത്രിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായി തിരഞ്ഞെടുക്കപ്പെടുന്നത്.
2019 നവംബർ 18ന് ശൈഖ് നാസര്‍ അല്‍ സബാഹ് അല്‍ അഹമദ്, അന്നത്തെ ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അല്‍ ജർറാഹ് എന്നിവരെ അമീര്‍ ഇടപെട്ട് മന്ത്രിസഭയിൽനിന്ന് നീക്കിയിരുന്നു. ട്വിറ്ററിലൂടെ പരസ്പരം വിമർശനം ഉന്നയിച്ച സാഹചര്യത്തിലാണ് അമീർ ഇരുവരെയും സ്ഥാനങ്ങളിൽനിന്ന് നീക്കിയത്. രണ്ടുപേരും രാജിവെച്ച മന്ത്രിസഭയിൽ ഉപപ്രധാനമന്ത്രിമാരായിരുന്നു. പിന്നീട് വന്ന മന്ത്രിസഭയിൽ രണ്ടുപേർക്കും ഇടമുണ്ടായില്ല. സുപ്രീം കൗൺസിൽ ഫോർ പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് വൈസ് പ്രസിഡൻറ് സ്ഥാനം വഹിച്ചിട്ടുണ്ട്. 2006 ഫെബ്രുവരി 11ന് അമീരി ദിവാൻ കാര്യ മന്ത്രിയായാണ് മന്ത്രിസഭയിൽ ആദ്യമായി എത്തുന്നത്.
ദാർ അല അതാർ അൽ ഇസ്ലാമിയ കൾച്ചറൽ ഫൗണ്ടേഷൻ സ്ഥാപകനും രക്ഷാധികാരിയും, ന്യൂയോർക്ക് മെട്രോപൊളിറ്റൻ മ്യൂസിയം ബോർഡ്ഒാഫ് ട്രസ്റ്റി ഒാണററി അംഗം, കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി സ്ഥാപകാംഗം, കുവൈത്തി അസോസിയേഷൻ ഫോർ ദ പ്രൊട്ടക്ഷൻ ഒാഫ് പബ്ലിക് ഫണ്ട് സ്ഥാപകാംഗം, കുവൈത്ത് ഇക്വസ്ട്രിയൻ ക്ലബ് സ്ഥാപകാംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
മാതാവ്: ശൈഖ ഫുതുവ ബിൻത് സൽമാൻ അസ്സബാഹ്. ഭാര്യ: ശൈഖ ഹിസ്സ സബാഹ് അൽ സാലിം അസ്സബാഹ്. മക്കൾ: ദാന, അബ്ദുല്ല, ബീബി, സബാഹ്, ഫഹദ്, ഫിതൂഹ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.