ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്
കുവൈത്ത് സിറ്റി: കുവൈത്തിന്റെ പുതിയ അമീറായി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ഇനി രാജ്യത്തെ നയിക്കും. കിരീടാവകാശിയായും ദേശീയ ഗാർഡ്സിന്റെ തലവനായും വിദേശദൗത്യങ്ങളിൽ അമീറിനൊപ്പം സേവനമനുഷ്ഠിച്ചും മുതിർന്ന പദവികളിൽ പതിറ്റാണ്ടുകളുടെ സേവനപാരമ്പര്യം ശൈഖ് മിശ്അലിനുണ്ട്.
1940ൽ ജനിച്ച ശൈഖ് മിശ്അൽ 1921നും 1950നും ഇടയിൽ രാജ്യം ഭരിച്ചിരുന്ന 10ാമത്തെ അമീർ ശൈഖ് അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഏഴാമത്തെ മകനും അന്തരിച്ച അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിന്റെ സഹോദരനുമാണ്.
അൽ മുബാറക്കിയ സ്കൂളിലാണ് പ്രാഥമികപഠനം. 1960ൽ ബ്രിട്ടീഷ് ഹെൻഡൺ പൊലീസ് കോളജിൽ ഉപരിപഠനം പൂർത്തിയാക്കി. 1967 മുതൽ 1980 വരെ ആഭ്യന്തര മന്ത്രാലയം ഇന്റലിജൻസ് ആൻഡ് സ്റ്റേറ്റ് സെക്യൂരിറ്റി സർവിസിന്റെ തലവനായി സേവനമനുഷ്ഠിച്ചു. 2014 ഏപ്രിൽ 13ന് മന്ത്രി പദവിയോടെ ദേശീയ ഗാർഡിന്റെ രണ്ടാമത്തെ മേധാവിയായി തിരഞ്ഞെടുക്കപ്പെട്ടു. കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെടുന്നതുവരെ ഈ സ്ഥാനത്ത് തുടർന്നു. രാജ്യത്തെയും അതിന്റെ നിയമസാധുതയെയും ഭരണഘടനയെയും ജനങ്ങളെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള നാഷനൽ ഗാർഡ്സിന്റെ തന്ത്രം രൂപപ്പെടുത്തുന്നതിൽ ഈ ഘട്ടത്തിൽ സംഭാവന നൽകി. കിരീടാവകാശിയായി സ്ഥാനമേറ്റെടുത്ത് ഈ ഒക്ടോബറിൽ മൂന്നു വർഷം പിന്നിട്ടതിന് പിറകെയാണ് രാജ്യത്തെ പരമോന്നത സ്ഥാനത്തേക്ക് ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് തിരഞ്ഞെടുക്കപ്പെടുന്നത്.
2020 ഒക്ടോബർ എട്ടിനാണ് കിരീടാവകാശിയായി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അധികാരമേറ്റത്. അന്തരിച്ച അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ വലം കൈയായി മൂന്നു വർഷം ഭരണതലത്തിൽ ശ്രദ്ധേയ ഇടപെടലുകൾ നടത്തിയതിന്റെ അനുഭവസമ്പത്ത് ശൈഖ് മിശ്അലിനുണ്ട്.
കിരീടാവകാശിയായിരിക്കെ അമീർ ശൈഖ് നവാഫിനൊപ്പം രാജ്യത്തെ കൂടുതൽ വികസനത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കുന്നതിൽ നേതൃപരമായ പങ്കു വഹിച്ചതും ശൈഖ് മിശ്അലാണ്. അമീർ അസുഖബാധിതനായതോടെ അന്താരാഷ്ട്ര വേദികളിലും നയതന്ത്ര ഇടപെടലുകളിലും രാജ്യത്തെ പ്രതിനിധാനം ചെയ്തതും ശൈഖ് മിശ്അലായിരുന്നു. കുവൈത്തും ഫ്രാൻസും തമ്മിൽ ദൃഢമായ സൗഹൃദബന്ധം സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതിന് 2018ൽ ഫ്രഞ്ച് സായുധ സേനാ മന്ത്രി ഫ്ലോറൻസ് ബാർലി ശൈഖ് മിശ്അലിനെ ലീജിയൻ ഓഫ് ഓണർ മെഡൽ നൽകി ആദരിച്ചിരുന്നു.
കുവൈത്ത് അമേച്വർ റേഡിയോ സൊസൈറ്റി സ്ഥാപകനും ഓണററി പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. കുവൈത്ത് എയർക്രാഫ്റ്റ് എൻജിനീയർ പൈലറ്റ്സ് അസോസിയേഷന്റെയും ദിവാൻ ഓഫ് പോയറ്റ്സിന്റെയും ഓണററി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.