റോഡ് നവീകരണ പ്രവൃത്തി
കുവൈത്ത് സിറ്റി: രാജ്യത്ത് റോഡ് നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്നു. ഫോർത്ത് റിങ് റോഡിൽ സമൂലമായ അറ്റകുറ്റപ്പണികൾ നടന്നുവരുന്നതായി പൊതുമരാമത്ത് മന്ത്രി ഡോ.നൂറ അൽ മഷാൻ വ്യക്തമാക്കി.
കുവൈത്തിലെ ആറ് ഗവർണറേറ്റുകളിലെയും റോഡുകളുടെ സമഗ്രമായ അറ്റകുറ്റപ്പണികൾ ലക്ഷ്യമിട്ടുള്ള 18 പ്രധാന പദ്ധതികളുടെ ഭാഗമാണ് ഈ പ്രവൃത്തിയെന്ന് ഡോ.അൽ മഷാൻ പറഞ്ഞു.
രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുകയും റോഡ് ഉപയോക്താക്കൾക്ക് ഉയർന്ന നിലവാരത്തിലുള്ള ഗതാഗത സുരക്ഷ ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
കർശനമായ ഗുണനിലവാരവും എൻജിനീയറിങ് മേൽനോട്ടവും പാലിച്ചുകൊണ്ടാണ് നിർമാണ പ്രവർത്തനം.
നിർദിഷ്ട സമയപരിധിക്കുള്ളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്നും ഡോ.അൽ മഷാൻ ഉറപ്പുനൽകി. മഴ, ചൂട് തുടങ്ങിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ റോഡുകൾക്ക് കേടുപാടുകൾ വരുത്തുന്നതിനാൽ അവ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യവും മന്ത്രി ചൂണ്ടിക്കാട്ടി.
ഇതിനാൽ അറ്റകുറ്റപ്പണികൾ ഉയർന്ന നിലവാരത്തിലും സുസ്ഥിരതയിലും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതായും വ്യക്തമാക്കി.
അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് മാത്രമല്ല, ദേശീയ സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്നതിലും റോഡുകൾ പങ്കുവഹിക്കുന്നു. സുസ്ഥിര വികസനം, വാണിജ്യ പ്രവർത്തനങ്ങൾ സുഗമമാക്കൽ, പൗരന്മാർക്കും താമസക്കാർക്കും ഉയർന്ന ജീവിത നിലവാരം ലഭ്യമാക്കൽ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഇത് ഗുണപരമായ സ്വാധീനം ചെലുത്തുന്നതായും ഡോ.നൂറ അൽ മഷാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.