കുവൈത്ത് സിറ്റി: പത്തു രാജ്യങ്ങൾക്കു കൂടി വിസ വിലക്ക് ഏർപ്പെടുത്താൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ട്. മഡഗാസ്കർ, കാമറൂൺ, ഐവറി കോസ്റ്റ്, ഘാന, ബെനിൻ, മാലി, കോംഗോ എന്നീ ആഫ്രിക്കൻ രാജ്യങ്ങളും മൂന്ന് ആഫ്രിക്കൻ ഇതര രാജ്യങ്ങളുമാണ് പട്ടികയിലുള്ളത്. ആഫ്രിക്കൻ ഇതര രാജ്യങ്ങൾ ഏതൊക്കെയെന്ന് റിപ്പോർട്ടിൽ പറയുന്നില്ല. ഈ രാജ്യങ്ങളുടെ പൗരന്മാർക്ക് കുടുംബ, സന്ദർശന വിസ, വാണിജ്യ വിസ, തൊഴിൽ വിസ അടക്കം എല്ലാതരം വിസകളും നിരോധിക്കാനുള്ള നിർദേശമാണ് ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നത്. ഈ രാജ്യങ്ങളുടെ എംബസികൾ കുവൈത്തിൽ പ്രവർത്തിക്കാത്തതാണ് കടുത്ത നടപടികൾക്ക് അധികൃതരെ പ്രേരിപ്പിക്കുന്നത്.
ഈ രാജ്യക്കാർ എന്തെങ്കിലും കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടാൽ നാടുകടത്തുന്നത് ബുദ്ധിമുട്ടുള്ളതും സമയമെടുക്കുന്നതുമാണ്. സൗദിയിലോ യു.എ.ഇയിലോ ഉള്ള എംബസികളാണ് കുവൈത്തിലുള്ള പൗരന്മാരുടെ കാര്യം നോക്കുന്നത്. കുറ്റകൃത്യങ്ങളിലേർപ്പെടുന്നവർ പാസ്പോർട്ട് ഉൾപ്പെടെ രേഖകൾ നശിപ്പിക്കുകയോ ഒളിപ്പിക്കുകയോ ചെയ്യുന്നത് അധികൃതർക്ക് ആശയക്കുഴപ്പമുണ്ടാക്കുന്നു. ചില രാജ്യങ്ങളിലേക്ക് കുവൈത്തിൽനിന്ന് നേരിട്ടോ അല്ലാതെയോ വിമാനം ഇല്ല.
സുരക്ഷ കാരണങ്ങളാൽ ഏഴു രാജ്യങ്ങൾക്ക് നേത്തേതന്നെ വിസ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സിറിയ, ഇറാഖ്, പാകിസ്താൻ, ഇറാൻ, അഫ്ഗാൻ, യെമൻ, സുഡാൻ എന്നിവയാണ് ഈ രാജ്യങ്ങൾ. നിലവിൽ കുവൈത്തിലുള്ളവർക്ക് പ്രശ്നമില്ല, പുതിയ വിസ അനുവദിക്കുന്നതിനാണ് നിയന്ത്രണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.