ശാന്തിയുടെയും സമാധാനത്തിന്റെയും കേന്ദ്രങ്ങളായിട്ടാണ് പൊതുവെ ആരാധനാലയങ്ങൾ ഗണിക്കപ്പെടുന്നത്. പ്രാർഥനകളും ദൈവസ്മരണയുമാണല്ലോ അവിടെ നിന്നുയരുന്നത്. ആരാധനാലയങ്ങൾ ആരുടേതായാലും തകർക്കപ്പെടരുത് എന്നത് ഇസ്ലാമിന്റെ പ്രഖ്യാപിത നയമാണ്. അല്ലാഹു പറയുന്നത് കാണുക.
അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന സന്യാസിമഠങ്ങളും ചര്‍ച്ചുകളും സെനഗോഗുകളും മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും. അല്ലാഹു സര്‍വശക്തനും ഏറെ പ്രതാപിയും തന്നെ (വിശുദ്ധ ഖുർആൻ 22:40).
എന്നാൽ ആരാധനാലയങ്ങളെ വെറുപ്പിന്റെയും അക്രമത്തിന്റെയും കേന്ദ്രങ്ങളാക്കുന്ന ചിലരുണ്ട്. അവരോട് ഇസ്ലാം കർക്കശമായ നിലപാടാണ് സ്വീകരിക്കുന്നത്. പ്രവാചകന്റെ നഗരിയിൽ കപടവിശ്വാസികൾ അത്തരത്തിലൊരു പള്ളി നിർമിച്ചു. ഉപദ്രവത്തിന്റെ പള്ളി എന്നാണ് അതിനെ ഖുർആൻ വിശേഷിപ്പിക്കുന്നത്.
ദ്രോഹംവരുത്താനും സത്യനിഷേധത്തെ സഹായിക്കാനും വിശ്വാസികൾക്കിടയില്‍ ഭിന്നതയുണ്ടാക്കാനും നേരത്തേ അല്ലാഹുവോടും അവന്റെ ദൂതനോടും യുദ്ധംചെയ്തവന് താവളമൊരുക്കാനുമായി പള്ളിയുണ്ടാക്കിയവരും അവരിലുണ്ട്.
നല്ലതല്ലാതൊന്നും ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് അവര്‍ ആണയിട്ടു പറയും. എന്നാല്‍ തീർച്ചയായും അവര്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു (വിശുദ്ധ ഖുർആൻ 9:107).
ഭദ്രമല്ലാത്ത അടിത്തറയിൽ പണിതുയർത്തിയ കെട്ടിട്ടത്തിനോടാണ് അത്തരത്തിലുള്ള ആരാധനാലയങ്ങളെ അല്ലാഹു ഉപമിക്കുന്നത്. അത് പെട്ടന്ന് തകർന്ന് വീഴും എന്ന് മാത്രമല്ല അതിലുള്ളവരെ അത് നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുകയും ചെയ്യും.
ഒരാള്‍ അല്ലാഹുവോടുള്ള കറയറ്റ ഭക്തിയിലും അവന്റെ പ്രീതിയിലും തന്റെ കെട്ടിടം സ്ഥാപിച്ചു. മറ്റൊരാള്‍ അടിമണ്ണിളകി പൊളിഞ്ഞുവീഴാന്‍ പോകുന്ന മണൽതട്ടിന്റെ വക്കില്‍ കെട്ടിടം പണിതു. അങ്ങനെയത് അവനെയും കൊണ്ട് നേരെ നരകത്തീയില്‍ തകർന്നു വീഴുകയും ചെയ്തു. ഇവരില്‍ ആരാണുത്തമന്‍? അക്രമികളായ ജനത്തെ അല്ലാഹു നേർവഴിയിലാക്കുകയില്ല (വിശുദ്ധ ഖുർആൻ 9:109).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.